news

1. ചന്ദ്രയാന്‍ 2 പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. നിലവില്‍ ഭൂമിയെ വലയം വയ്ക്കുക ആണ് പേടകം. ഭൂമിയില്‍ നിന്ന് 71,792കിലോമീറ്റര്‍ അകലത്തില്‍ ആണ് നിലവില്‍ പേടകം. പല ഘട്ടങ്ങളായി ഭ്രമണപഥം ഉയര്‍ത്തി വേണം ചന്ദ്രനിലേക്ക് പോകാന്‍. ഇനി രണ്ട് ഭ്രമണപഥ വികസനം കൂടിയാണ് ബാക്കിയുള്ളത്. അടുത്ത മാസം 14ന് ചന്ദ്രയാന്‍-2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും
2. കൊച്ചി ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റി എന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എം.എല്‍.എയ്ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നത് ഒഴിവാക്കാം ആയിരുന്നു. അതിനിടെ, എല്‍ദോ എബ്രഹാമിന്റെ കൈക്ക് പൊട്ടല്‍ ഉണ്ടെന്ന സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടും പുറത്ത്. മൂവാറ്റുപുഴ ആശുപത്രിയില്‍ നിന്ന് ലഭിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് എല്‍ദോ എബ്രഹാം പൊലീസിന് കൈമാറി
3. മാര്‍ച്ചിനിടെ എം.എല്‍.എയെ ഉള്‍പ്പെടെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യമന്ത്രിയുടെ ഓഫീസിനു റിപ്പോര്‍ട്ട് കൈമാറി. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അറിയാം ആയിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ലെന്നും എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ചതു ശരിയായില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായി വിവരം
4. വൈപ്പിന്‍ ഗവ. കോളജിലെ എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കല്‍ സി.ഐക്കെതിരേ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു സി.പി.ഐയുടെ ഐ.ജി ഓഫീസ് മാര്‍ച്ച്. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെ പൊലീസ് ലാത്തിക്കടിച്ചു. മാര്‍ച്ച് അക്രമാസക്തം ആയപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എം.എല്‍.എയെ കൊച്ചി സെന്‍ട്രല്‍ എസ.്‌ഐ വിപിന്‍ദാസ് മര്‍ദിക്കുക ആയിരുന്നു. ലാത്തിച്ചാര്‍ജില്‍ ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്കു സാരമായി പരിക്കേറ്റിരുന്നു.


5. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് തുടര്‍ചികിത്സയ്ക്കായി കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കില്ലെന്ന വിവാദ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കും. സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് ഏര്‍പ്പെടുത്തി കെ.ബി.എഫ് ആനുകൂല്യം ലഭ്യമാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്കും ആരോഗ്യമന്ത്രി കെ.െക. ശൈലജയും വ്യക്തമാക്കി. ധനവകുപ്പ് അറിയാതെ കാരുണ്യ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നിന്നിറക്കിയ ഉത്തരവ് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാല്‍ പിന്‍വലിച്ച്, പുതിയ ഉത്തരവ് ഇറക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി.
6. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി ഇന്റലിജന്‍സ് സ്‌കൂള്‍ തുടങ്ങാന്‍ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാന പൊലീസ് ചീഫ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യവും നക്സല്‍ സംഘടനകള്‍ സജീവമായതും ആണ് രഹസ്യാന്വേഷണ വിഭാഗം ശക്തി പെടുത്തുന്നതിനുള്ള തീരുമാനത്തിനു പിന്നില്‍. സായുധ സേനാ ആസ്ഥാനത്ത് ആയിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
7. രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് ഒടുവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗം ഈ മാസം 31ന് ചേരും.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 31ന് വൈകീട്ട് ആറ് മണിക്കാണ് യോഗം.
8. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഡാന്‍ കോട്ട്സ് സ്ഥാനമൊഴിയുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ഓഗസ്റ്റ് മധ്യത്തോടെ ഡാന്‍ കോട്ട്സ് സ്ഥാനമൊഴിയുമെന്നും പകരം ടെക്സസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ജോണ്‍ റാറ്റ്ക്ലിഫിനെ ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായും ട്രംപ് അറിയിച്ചു.
9. പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഫോണുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധം വാട്സ്ആപ്പിന്റെ ഡെസ്‌കേ്ടാപ്പ് പതിപ്പ് എത്തുന്നു. നിലവില്‍ വാട്സാപ്പിന്റെ വെബ് പതിപ്പ് വഴിയാണ് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.2015 ലാണ് വാട്സാപ്പ് വെബ് പുറത്തിറക്കിയത്. ഇതിന് ക്യൂആര്‍ കോഡ് വഴി വാട്സാപ്പ് ആപ്ലിക്കേഷനും വാട്സാപ്പ് വെബ്ബും തമ്മില്‍ ബന്ധിപ്പിക്കണം. എന്നാല്‍ ഫോണിന്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവ ആയിരിക്കും വാട്സാപ്പ് ഡെസ്‌ക്‌ടോപ്പ് പതിപ്പ്.
10. നോര്‍വേയില്‍ അപൂര്‍വ ജീവി വര്‍ഗമായ റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനവും അതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമവും ഇറുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങാന്‍ കാരണമായെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ജീവി വര്‍ഗമാണ് റെയിന്‍ ഡിയറുകള്‍.