jaypal

ന്യൂഡൽഹി: ഒന്നര വയസിൽ പോളിയോ തളർത്തിയ കാലുകൾക്ക് പകരം ജയ്പാൽ റെഡ്ഡി മൂർച്ച കൂട്ടിയെടുത്തത് നാവിനായിരുന്നു. കുറിക്കുകൊള്ളുന്ന വാക്ശരങ്ങൾ കൊണ്ട് രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കിയ നാവ്. എന്നിട്ടും കക്ഷിരാഷ്ട്രീയ ഭേദമെന്യേ, രാഷ്ട്രീയലോകം അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നതിന് തെളിവാണ് ഇന്നലെ നടന്ന സംസ്‌കാരച്ചടങ്ങുകൾ. ഔദ്യോഗിക ബഹുമതികളോടെ ആന്ധ്രയിൽ നെക്ലേസ് റോഡിലുള്ള പി.പി ഘാട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനും അന്തിമോപചാരം അർപ്പിക്കാനും എത്തിയത് നിരവധി നേതാക്കളാണ്.
അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും 'നേരെ വാ നേരെ പോ' എന്ന നിലപാട് സ്വീകരിച്ചിരുന്നയാൾ, പ്രസാദാത്മകമായ മുഖഭാവത്തോടെ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നയാൾ, ഭരണരംഗത്ത് മികച്ച വൈദഗ്ദ്ധ്യം കാഴ്ച വച്ചയാൾ, മികച്ച വാഗ്മിയായിരുന്ന രാഷ്ട്രതന്ത്രജ്ഞൻ, പാണ്ഡിത്യവും വിനയവും അലങ്കാരമാക്കിയിരുന്ന വ്യക്തിത്വം... മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. ജയപാൽ റെഡ്ഡി വിശേഷണങ്ങൾക്കും അതീതനാണ്. അതുകൊണ്ടാവാണം നാലു പതിറ്റാണ്ടത്തെ സൗഹൃദത്തെപ്പറ്റി പറഞ്ഞപ്പോൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജ്യസഭയിൽ വിങ്ങിപ്പൊട്ടിയത്. വികാരനിർഭരമായ അനുശോചന സന്ദേശം വായിക്കവേ, പലതവണ നായിഡുവിന്റെ തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു, സങ്കടം സഹിക്കവയ്യാതെ കണ്ണീരണിഞ്ഞ നായിഡു നൊമ്പരക്കാഴ്ചയായി.
'അസാമാന്യ വാഗ്മിയും ഭരണകർത്താവുമായിരുന്നു ജയ്പാൽ. 1970കളിൽ ആന്ധ്രപ്രദേശ് നിയമസഭയിൽ ജയ്പാൽ റെഡ്ഡിയോടൊപ്പം രണ്ടു ടേമുകളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അന്ന് എട്ടു മണിക്കായിരുന്നു നിയമസഭ സമ്മേളിച്ചിരുന്നത്. ഞങ്ങൾ ഏഴു മണിക്കുതന്നെ പ്രഭാതഭക്ഷണത്തിനായി ഒരുമിക്കും. ഒരേ മേശയ്ക്ക് ഇരുവശവുമിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പരസ്പരം സംസാരിക്കുകയും തർക്കിക്കുകയും ചെയ്തിരുന്നു. എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹം.'- കണ്ണീർതുടച്ച് നായിഡു പറഞ്ഞു. താൻ വികാരവിവശനായതിൽ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി.
സംസ്‌കാരച്ചടങ്ങിനായി ഭൗതിക ശരീരം ചുമന്നവരിൽ കർണാടക മുൻ സ്പീക്കർ കെ.ആർ. രമേശ്കുമാറും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ഉണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രമേശ്കുമാർ എത്തിയത് റെഡ്ഡിയുടെ അവസാന ചടങ്ങുകൾക്കാണ്.
വീൽചെയറിലായിരുന്നു യാത്രയെങ്കിലും ജനഹൃദയങ്ങൾ കീഴടക്കാനുള്ള യാത്രയിൽ റെഡ്ഡിക്ക് അതൊരു തടസമേ അല്ലായിരുന്നു. ഭാര്യ ലക്ഷ്മിയും മൂന്നു മക്കളും താങ്ങായി ഒപ്പമുണ്ടായിരുന്നു. കൃഷി ഇഷ്ടപ്പെട്ടിരുന്ന റെഡ്ഡി, 1960കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കെത്തിയത്. വിവിധ ഭാഷകളിൽ പ്രാവീണ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായിട്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ നടപടിയെ അദ്ദേഹം വിമർശിച്ചിരുന്നു. ആഴമില്ലാത്ത രാഷ്ട്രീയമാണ് ഇക്കാലത്തേതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പണത്തിന് മുന്നിൽ ആദർശം അടിയറവ് വയ്ക്കാത്ത അപൂർവം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.