jayasankar

തിരുവനന്തപുരം : ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ,സംസ്ഥാന സർക്കാർ തീരുമാനത്തെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. ജേക്കബ് തോമസായാലും രാജുനാരായണ സ്വാമി ആയാലും അഴിമതി നടത്താനറിയാത്തവരെ സർക്കാർ വച്ചുപൊറുപ്പിക്കില്ല.

കുലംകുത്തി എന്നും കുലംകുത്തി തന്നെയാണെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു,​ ട്രിബ്യൂണലിന്റെ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ബെഞ്ചിൽ അപ്പീൽ കൊടുക്കും,​. അവിടെയും തോറ്റാൽ സുപ്രിംകോടതി,​ അതും കഴിഞ്ഞാൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി എന്നും ജയശങ്കർ പരിഹസിച്ചു.

അഴിമതി ആരോപണത്തെ തുടർന്ന് സംസ്ഥാന സർക്കാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌ത ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാൾ സസ്പെൻഡ് ചെയ്‌തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണലിന്റെ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അഴിമതിക്കെതിരെ ശബ്‌ദിച്ചതിനാണ് തന്നെ സർവീസിൽ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തോറ്റിട്ടില്ല; തോല്ക്കുകയില്ല! തോറ്റ ചരിത്രം കേൾക്കുകയില്ല.

ഡോ ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുളള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ കൊടുക്കും. അവിടെയും തോറ്റാൽ സുപ്രീംകോടതി, അതും കഴിഞ്ഞാൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി.

കുലംകുത്തി എന്നും കുലംകുത്തി തന്നെ. അഴിമതി നടത്താനറിയാത്തവരെ സർവീസിൽ വച്ചു പൊറുപ്പിക്കില്ല- ജേക്കബ് തോമസായാലും, രാജു നാരായണസ്വാമി ആയാലും