unnao
UNNAO

ലക്‌നൗ: ഉന്നാവോ മാനഭംഗ കേസിൽ, ഇരയായ പതിനഞ്ചുകാരി സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇവരുടെ ബന്ധുക്കളായ രണ്ടു സത്രീകൾ മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അപകടത്തിൽ പെൺകുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന കുൽദീപ് ആസൂത്രണം ചെയ്തതാണ് അപകടമെന്നാണ് ആരോപണം.

സംഭവത്തിൽ കുൽദീപിന്റെ സഹോദരൻ മനോജ് സിംഗ് സെൻഗാറിനും മറ്റ് എട്ടുപേർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വർഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ് കുൽദീപും സഹോദരനും. അപകടത്തിൽ കുൽദീപിനു പങ്കുണ്ടെന്നും പെൺകുട്ടിയെ അപായപ്പെടുത്താൻ ജയിലിൽ വച്ച് ഇവർ ഗൂഢാലോചന നടത്തിയെന്നും ഇരയുടെ അമ്മ ആരോപിച്ചിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ മാനഭംഗ കേസിലെ പ്രധാന സാക്ഷിയാണ്. കാറോടിച്ചിരുന്നത് പെൺകുട്ടിയുടെ അഭിഭാഷകനാണ്. ഇയാൾക്കും പരിക്കുണ്ട്.

പരിക്കേറ്റ പെൺകുട്ടി ലക്‌നൗ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കൈകാലുകൾ, കഴുത്ത്, വാരിയെല്ല് എന്നിവിടങ്ങളിൽ ഗുരുതരമായ പൊട്ടലുകളുണ്ടെന്നും എന്നാൽ അതീവ അപകടനില തരണം ചെയ്‌തെന്നും ഡോക്ടർമാർ വ്യക്തമാക്കി.

എന്നാൽ അപകടത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ വാദം. ട്രക്ക് ഡ്രൈവറെയും ഉടമയെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനലോൺ കുടിശ്ശികയുള്ളതിനാൽ വണ്ടി പിടിച്ചെടുക്കാതിരിക്കാനാണ് നമ്പർപ്ളേറ്റ് കറുത്തചായം പൂശി മറച്ചതെന്നാണ് ഇവരുടെ മൊഴി.

 അപകടത്തിനു പിന്നിൽ എം.എൽ.എയാണ്. കൈവശം മൊബൈൽ ഫോണുള്ള അയാൾ ജയിലിലിരുന്നാണ് എല്ലാം ചെയ്യുന്നത്. അയാളുടെ ആളുകൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.

- പെൺകുട്ടിയുടെ അമ്മ

 റായ്ബറേലി ജയിലിൽ കഴിയുന്ന ബന്ധുവിനെ കാണാൻ ഉന്നാവോയിൽ നിന്ന് കാറിൽ ല‌‌ക്‌നൗവിലേക്ക് പോകവെ ഞായറാഴ്ച ആയിരുന്നു അപകടം.

 ഇടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റിൽ കറുത്ത ചായം പൂശിയിരുന്നു.

 പെൺകുട്ടിയുടെ സുരക്ഷയ്ക്ക് 9 അംഗരക്ഷകരുണ്ടെങ്കിലും അപകടസമയം ആരും ഒപ്പമുണ്ടായിരുന്നില്ല. കാറിൽ സ്ഥലമില്ലായിരുന്നു എന്നാണ് വാദം.

 2017 ലാണ് പെൺകുട്ടി മാനഭംഗത്തിനിരയായത്. ജോലി തേടി ബന്ധുവിനൊപ്പം വീട്ടിലെത്തിയ പെൺകുട്ടിയെ എം.എൽ.എ പീഡിപ്പിച്ചെന്നാണ് കേസ്.

 പരാതിയിൽ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു

 ഈ കേസിലാണ് എം.എൽ.എയുടെ സഹോദരൻ ജയിലിൽ കഴിയുന്നത്.

സി.ബി.ഐ അന്വേഷണിച്ചേക്കും

അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ അന്വേഷണം സി.ബി.ഐക്കു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് ഡി.ജി.പി ഒ.പി. സിംഗ് പറഞ്ഞു.