police

കൊല്ലം: രേഖകളില്ലാതെ വാഹനം ഓടിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാൻ ഇയാളുടെ സഹോദരന്റെ നേതൃത്വത്തിലെത്തിയ ഡി.വൈ.എഫ്.ഐക്കാർ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി. അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും തടയാൻ പോലും ശ്രമിക്കാതെ പൊലീസുകാർ നിസ്സഹായരായി നോക്കിനിന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മയ്യനാട് മേഖലാ സെക്രട്ടറി സച്ചിൻദാസ്, പ്രവർത്തകരായ സൂർജിത്ത്, രവിരാജ്, സജീർ എന്നിവർക്കും കണ്ടാലറിയാവുന്ന മൂന്ന് പേർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പിന്നീട് കേസെടുത്തു. ഇവരിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്റ്റേഷനിൽ അതിക്രമിച്ച് കടക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. സംഭവ സമയം വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമേ സ്റ്റേഷനിലുണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച വൈകിട്ട് മൂന്നിന് ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിൽ മയ്യനാട് വാഹന പരിശോധന നടത്തുന്നതിനിടെ ലൈസൻസ് അടക്കം രേഖകളില്ലാതെ ബൈക്കിൽ വന്ന സജിൻദാസ് എന്ന എസ്.എഫ്.ഐ പ്രവ‌ർത്തകനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സജിന്റെ സുഹൃത്ത് പിന്നീട് വാഹനത്തിന്റെ രേഖകളുമായി എത്തിയപ്പോൾ ഇയാളെ വിട്ടയച്ചു.

ഇതിനുശേഷം വൈകിട്ട് അഞ്ചരയോടെ സജിന്റെ സഹോദരൻ സച്ചിൻദാസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് പൊലീസുകാരെ തെറിവിളിച്ച ശേഷം ഭീഷണി മുഴക്കുകയായിരുന്നു. പത്ത് മിനിട്ടോളം നീണ്ട പരാക്രമത്തിനു ശേഷമാണ് സംഘം മടങ്ങിയത്. ഇവരെല്ലാം മയ്യനാട് കുറ്റിക്കാട് സ്വദേശികളാണ്.

ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ അതിക്രമം പൊലീസുകാരിലാരോ പകർത്തി സോഷ്യൽ മീഡിയയിലിട്ടത് വൈറലായിട്ടുണ്ട്. പ്രതികളെ പിടികൂടാൻ ഊർജിത അന്വേഷണം നടന്നു വരികയാണെന്ന് ഇരവിപുരം സി.ഐ അജിത്കുമാർ പറഞ്ഞു.