rss-sainik-school-

ന്യൂഡൽഹി : കുട്ടികൾക്ക് സൈനിക വിഭാഗങ്ങളിൽ ഓപീസർമാരാകാൻ പരിശീലനം നൽകാനായി ആർ.എസ്.എസ് സൈനിക സ്കൂൾ ആരംഭിക്കുന്നു. ആർ.എസ്.എസ് ആരംഭിക്കുന്ന ആദ്യ സൈനിക സ്കൂളാണിത്. അടുത്ത വർഷം ഏപ്രിലിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ കീഴിലാണ് സ്കൂൾ ആരംഭിക്കുന്നത്.

മുൻ ആർ.എസ്.എസ് നേതാവ് രാജേന്ദ്ര സിംഗിന്റെ പേരിലാണ് സ്കൂൾ തുടങ്ങുന്നതെന്ന് എക്കോണമിക് ടെെംസ് റിപ്പോർട്ട് ചെയ്തു. രാജേന്ദ്ര സിംഗിന്റെ ജന്മനാടായ ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലാണ് രാജുഭയ്യാ സെെനിക് വിദ്യാ മന്ദിർ പ്രവർത്തിക്കുക.

ആൺകുട്ടികൾക്കായുള്ള റസിഡൻഷ്യൽ സ്കൂൾ സി.ബി.എസ്.ഇ സിലബസാണ് പിന്തുടരുക. നാലാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയായിരിക്കും രാജുഭയ്യാ സെെനിക് വിദ്യാ മന്ദിറിൽ ഉണ്ടാവുക. ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുന്നതെന്നും ഈ മാതൃക മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും വിദ്യാഭാരതിയുടെ റീജണൽ കൺവീനർ അജയ് ഗോയൽ പറഞ്ഞു.

ആദ്യ ബാച്ചിനുള്ള പ്രോസ്പെക്ടസ് അടക്കം തയ്യാറായിട്ടുണ്ട്. നാലാം ക്ലാസിൽ 160 വിദ്യാത്ഥികൾക്കാണ് പ്രവേശനം. വീരമൃത്യു വരിച്ച സെെനികരുടെ മക്കൾക്ക് 56 സീറ്റുകൾ സംവരണം ചെയ്തിട്ടുമുണ്ട്.