nedumkandam-

കോട്ടയം: രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തിൽ നിർണായക വിവരങ്ങൾ റീപോസ്റ്റ്‍മോർട്ടത്തിലൂടെ പുറത്തു വന്നു. ആദ്യത്തെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താത്ത കൂടുതൽ പരിക്കുകൾ റീ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‍മോർട്ടം നടത്തിയപ്പോൾ കണ്ടെത്താത്ത കൂടുതൽ പരിക്കുകൾ റീപോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തി. ന്യൂമോണിയ കാരണമാണ് രാജ്‍കുമാർ മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിരുന്നത്. രാജ്‍കുമാറിന്റെ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ഇവയ്ക്ക് ബാധിച്ചതിന് ശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തൽ.

എന്നാൽ അന്ന് കണ്ടെത്താതിരുന്ന മുറിവുകളും പരിക്കുകളും കൂടി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട് കാലുകൾ ബലമായി അകത്തിയതിന്റെ പരിക്കും മൃതദേഹത്തിലുണ്ട്. നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നിൽ പരിക്കുകളുണ്ട്. ഈ പരിക്കുകൾ മരണകാരണമായേക്കാമെന്ന് റീപോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്‍കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മർദ്ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും റീ പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രാജ്‍കുമാറിന്‍റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിനി വിദഗ്‍ധ പരിശോധനയ്ക്കായി അയക്കും. രാജ്‍കുമാറിന് ന്യുമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നെന്ന് സ്ഥിരീകരിക്കണമെങ്കിൽ അന്തിമ റിപ്പോർട്ട് വരണം.

ഇന്ന് രാവിലെ പതിനൊന്നരയോടെ പുറത്തെടുത്ത രാജ്‍കുമാറിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ വച്ചാണ് പോസ്റ്റ്‍മോർട്ടം ചെയ്തത്. പാലക്കാട്ടു നിന്നുള്ള ഡോ. പി ബി ഗുജ്റാൾ, കോഴിക്കോട്ട് നിന്നുള്ള ഡോ. കെ പ്രസന്നൻ, ഡോ. എ കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീപോസ്റ്റ്‍മോർട്ടം ചെയ്തത്. ജുഡീഷ്യൽ പ്രതിനിധികൾ, ഇടുക്കി ആർഡിഒ, ഫോറൻസിക് സർജൻമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‍മോർട്ടത്തിൽ മൃതദേഹം പൂർണ്ണമായും സ്കാൻ ചെയ്യുകയാണ് ചെയ്തത്. ഇതിലൂടെ ശരീരത്തിലുണ്ടായ മുഴുവൻ പൊട്ടലുകളെക്കുറിച്ചും വിവരം ലഭിച്ചു. ഡിഎൻഎ ടെസ്റ്റിനായി മൃതദേഹത്തിൽ നിന്ന് സാംപിളുകൾ എടുത്തിട്ടുണ്ട്.