delhi-metro

ന്യൂഡൽഹി:മെട്രോ യാത്രക്കാരായ കമിതാക്കളുടെ അശ്ലീല ദൃശ്യങ്ങൾ സിസിടിവി വീഡിയോ പോൺ സൈറ്റിലെത്തിയതിന് പിന്നാലെ ഡൽഹി മെട്രോ അധികൃതർ സമ്മർദ്ദത്തിൽ. സിസിടിവി ദൃശ്യങ്ങൾ മെട്രോ ജീവനക്കാരിൽ ആരോ റെക്കോർഡ് ചെയ്ത് പോൺ സെെറ്റിൽ ഇട്ടതാണെന്നാണ് സംശയം. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ഡൽഹി മെട്രോയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെട്രോ അധികൃതർ തന്നെയാണ് പൊലീസിന് പരാതി നൽകിയത്. കമിതാക്കൾ ഇതുവരെ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനത്തിലുണ്ടായ ഈ വീഴ്ച വലിയ നാണക്കേടാണ് ഡൽഹി മെട്രോ ഉണ്ടാക്കിക്കൊടുത്തത്. യാത്രക്കാരുടെ സ്വകാര്യ കാര്യങ്ങൾ പുറത്ത് വന്നതാണ് അധികൃതർക്ക് തലവേദന സൃഷ്ടിച്ചത്.

ദില്ലി മെട്രോയുടെ കൺട്രോൾ റൂമിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ പകർത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 18 ന് ഉച്ചയ്ക്ക് 2.22 ന് മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ ദൃശ്യമാണ് ചോർന്നത്. ഇതുവരെ പോൺ സെെറ്റിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. സിസിടിവി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്കാണെന്നും സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും ഡി.എം.ആർ.സി വ്യക്തമാക്കി. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ഡി.എം.ആർ.സി ഉറപ്പ് നൽകിയിട്ടുണ്ട്.