മുംബയ് : വിദേശ പര്യടനങ്ങൾക്ക് മുമ്പുള്ള പതിവ് പത്രസമ്മേളനം നടത്തിയശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയും കോച്ച് രവിശാസ്ത്രിയും സംഘാംഗങ്ങളുമായി വിൻഡീസിലേക്ക് തിരിച്ചു.
ഇത്തവണ പത്രസമ്മേളനം ഉണ്ടാവില്ലെന്നതാണ് ബി.സി.സി.ഐ ഉന്നത ഭാരവാഹികൾ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ, കൊഹ്‌ലിയും ഉപനായകൻ രോഹിത് ശർമ്മയും തമ്മിൽ പടലപ്പിണക്കമാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ പത്രസമ്മേളനം നടത്താതെ പോകുന്നത് വിവാദമായിരുന്നു. ഇതോടെയാണ് ഇന്നലെ വൈകിട്ട് ക്യാപ്ടനും കോച്ചും പത്രസമ്മേളനത്തിനെത്തിയത്.
പത്രസമ്മേളനത്തിൽ പര്യടനത്തിലെ മത്സരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിലേറെ സമയം രോഹിതും താനുമായി ഒരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കാനാണ് കൊഹ്‌ലി സമയം ചെലവഴിച്ചത്. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഊതിപ്പെരുപ്പിച്ചതാണെന്നും കുടുംബാംഗങ്ങളെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കൊഹ്‌ലി പറഞ്ഞു.
ഇന്ത്യൻ കോച്ചായി രവിശാസ്ത്രി തുടരുന്നതിനെ താൻ പിന്തുണയ്ക്കുമെന്നതായും കൊഹ്‌ലി പറഞ്ഞു.
കൊഹ്‌ലിയുടെ വാക്കുകൾ
''ടീമിനുള്ളിൽ പടലപ്പിണക്കമുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. വെറുതേ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. പല വാർത്തകളും ആരൊക്കെയോ മെനഞ്ഞുകൂട്ടുന്നവയാണ്.
''ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെന്നുണ്ടെങ്കിൽ അതെന്റെ മുഖത്ത് പ്രതിഫലിക്കും. എനിക്കൊന്നും മറച്ചുപിടിക്കാനാവില്ല."
''ടീമിനുള്ളിലെ അന്തരീക്ഷം ശരിയല്ലെന്നാണ് പലരും പറയുന്നത്. അന്തരീക്ഷം ശരിയായിരുന്നില്ലെങ്കിൽ ഞങ്ങൾക്ക് എങ്ങനെ ലോകകപ്പിൽ സെമിഫൈനൽ വരെ നന്നായി കളിക്കാൻ കഴിഞ്ഞു?"
''എപ്പോൾ അവസരം കിട്ടിയാലും രോഹിതിനെ ഞാൻ പ്രശംസിക്കാറുണ്ട്. അത് വെറുതെ പറയുന്നതല്ല. അത്ര മികച്ച കളിക്കാരനായതുകൊണ്ടാണ് അദ്ദേഹത്തെ പ്രശംസിക്കുന്നത്. ഇന്ത്യൻ ടീമിനെ ഉയരങ്ങളിലെത്തിക്കാൻ ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ.
''ഈ വിവാദത്തിലേക്ക് ഞങ്ങളുടെ കുടുംബത്തെയും ചിലർ വലിച്ചിഴയ്ക്കുന്നുണ്ട്. എത്ര നീചമായ പ്രവർത്തികളാണതെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പ്രൊഫഷണൽ സമീപനത്തിൽ പുലർത്താറില്ല.
''പുതിയ കോച്ചിനെക്കുറിച്ച് ബി.സി.സി.ഐ നിയോഗിച്ച കമ്മിറ്റി ഞാനുമായി ചർച്ച നടത്തിയിട്ടില്ല. പക്ഷേ, രവിശാസ്ത്രിയുമായി മികച്ച ഏകോപനത്തോടെ പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. രവിഭായ് തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.