അവധിദിവസങ്ങളിൽ കോവളത്തും ശംഖുംമുഖത്തും കോഴിക്കോട് ബീച്ചിലും ഒക്കെ തിരയടിയേറ്റ് കാറ്റ് കൊണ്ട് ബീച്ചിന്റെ സൗന്ദര്യമാസ്വദിക്കാനാണ് മിക്കവാറും കുടുംബങ്ങൾ ആഗ്രഹിക്കുന്നത്. അപ്പോൾ വീട്ടിലിരുന്ന് തന്നെ ബീച്ചിന്റെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞാലോ. അങ്ങനെ വീട്ടിൽ ബീച്ചൊരുക്കാൻ കഴിയും എന്നാണ് ഗൃഹനിർമ്മാണ മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. ലൂസിയാനയിൽ നിന്നുള്ള എറിക് വൈറ്റാണ് വീടിനു പുറകിൽ മനോഹരമായൊരു ബീച്ച് ഒരുക്കിയിരിക്കുന്നത്.
സിഡ്‌കോ കൺസ്ട്രക്ഷൻ കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ് എറിക്. സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്ന അതേബഡ്ജറ്റിൽ തന്ന് ബീച്ച് ഒരുക്കാം എന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത. ഏകദേശം പതിമൂന്നു ലക്ഷം രൂപയ്ക്കുള്ളിൽ ബീച്ച് നിർമാണത്തിന് ചെലവാകും എന്ന് എറിക് പറയുന്നു. ബീച്ചിന്റെ ചിത്രങ്ങൾ കണ്ടവർ ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം ബീച്ച് വൃത്തിയാക്കുന്നത് എങ്ങിനെയായിരിക്കുമെന്ന് ചോദിക്കുന്നവരുമുണ്ട്. പരിപാലനത്തിന്റെ ചെലവ് കൂടി ഉൾപ്പെട്ട തുകയിലാണോ നിർമിക്കുന്നതെന്നും വർഷം തോറും മണൽ മാറ്റാൻ വേറെ ചെലവ് വരില്ലേയെന്നു ചോദിക്കുന്നവരുമുണ്ട്.
ഒമ്പതാം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയും പതിനഞ്ചാം വയസിൽ വീടില്ലാതാവുകയും ചെയ്തയാളായിരുന്നു എറിക്. പതിയെ പരിശ്രമത്തിന്റെ ഫലമായി ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എത്തിച്ചേരുകയും അവിടെ നിന്നുള്ള പ്രവൃത്തി പരിചയത്തിൽ സ്വന്തമായൊരു കമ്പനി സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.