തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച ശേഷം ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ആവർത്തിച്ച് ജേക്കബ് തോമസ്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. ആർ.എസ്.എസിനെ അറിയാൻ ശ്രമിച്ചാൽ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ആർ.എസ്.എസിന്റെ പേരിൽ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ഭാരത സംസ്കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെക്കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാൽ കേരളത്തിലെ ബുദ്ധി ജീവികൾ ആർ.എസ്.എസിൽ ചേരും. താൻ ഇനി ജോലിയിൽ പ്രവേശിക്കണമോ, വി.ആർ.എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.