പരവൂർ: മൊട്ട ജോസ് എന്ന കള്ളന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കഴിഞ്ഞ ദിവസം പരവൂർ അനിതാഭവനിൽ മോഹൻലാലിന്റെ വീട്ടില്‍നിന്നും 50 പവന്റെ ആഭരണങ്ങളും 50,000 രൂപയും മൊട്ട ജോസ് എന്ന കള്ളൻ കവർന്നിരുന്നു. വീട്ടുടമസ്ഥനായ മോഹൻലാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിക്കുമ്പോഴാണ് മൊട്ട ജോസ് വീട്ടിൽ കയറി കവർച്ച നടത്തിയത്.
പൊലീസ് സ്ഥലത്തെത്തുകയും മോഷണരീതി മനസിലാക്കി കവർച്ചയ്ക്ക് പിന്നിൽ മൊട്ട ജോസാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ജോസിനായി സ്ഥലം പൊലീസ് അരിച്ചുപെറുക്കി. എന്നാൽ ജോസ് അവിടെ നിന്ന് മാറി ശ്രീകുമാർ എന്നയാളുടെ വീടാണ് താവളമാക്കിയത്. റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകുമാർ കുടുംബത്തോടൊപ്പം മാസത്തിലൊരിക്കലേ ആ വീട്ടിൽ വരാറുള്ളൂ. ജോസിന്റെ താവളം രഹസ്യമായി മനസിലാക്കിയ പൊലീസ് സ്ഥലത്തെത്തുകയും വീട് വളയുകയും ചെയ്തു.
എന്നാൽ ജോസ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പിന്നാലെ ഒാടിയെങ്കിലും ജോസിനെ പിടികൂടാനായില്ല. പൊലിസ് വീട് പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ ജോസ് ഭക്ഷണം പാകം ചെയ്തതിന്റെയും കഴിച്ചതിന്റെയും അവശിഷ്ടങ്ങൾ കണ്ടത്. കൂടെ ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിക്കഷ്ണങ്ങളും കണ്ടെത്തി. എന്നാൽ പൊലീസിന്റെ ശ്രദ്ധയാകർശിച്ചത് ജോസ് ഭിത്തിയിൽ ഒട്ടിച്ചുവച്ചിരിക്കുന്ന ഒരു കുറിപ്പായിരുന്നു. ‘അടുത്ത പ്രാവശ്യം വീട് പൂട്ടിപ്പോകുമ്പോൾ എനിക്കുവേണ്ടി സ്വർണവും പണവും വച്ചേക്കണം. ഇല്ലെങ്കിൽ ഞാന്‍ ഇനിയും വരും -കള്ളൻ’ എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ പരവൂർ പ്രദേശം മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും മൊട്ട ജോസിനെ കണ്ടെത്താൻ കഴിഞ്ഞില്ല.