കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ ഇരുപതാം വാർഷFകമാണ് ഇപ്പോൾ കടന്നുപോയത്. കാർഗിൽ യുദ്ധം ഒരു സൈനികന്റെ ജീവിതം മാറ്റിമറിച്ചിട്ടും ഇരുപത് വർഷം കഴിഞ്ഞു. 1999 ജൂലായ് 26ന് കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ സൈന്യത്തിന്റെ ഷെല്ലാക്രമണമാണ് ദേവേന്ദർ പാൽ സിംഗ് എന്ന സൈനികന്റെ ജീവിതം മാറ്റിമറിച്ചത്. ആ ആക്രമണത്തിൽ മേജർ ദേവേന്ദർ പാൽ സിംഗിന് വലതുകാൽ നഷ്ടമായി. എന്നാൽ ഒരു സൈനികന്റെ മനസ് ഒരിടത്തും തോറ്റുകൊടുക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. കൃത്രിമകാലിൽ ജീവിതത്തോട് പോരാടി രാജ്യത്തെ ആദ്യത്തെ ബ്ലേഡ് റണ്ണറായി മാറിയ ദേവേന്ദർ പാൽ സിംഗിന്റെജീവിതം ഗ്രാഫിക് നോവലായി വയനക്കാരുടെ മുന്നിൽ എത്തുകയാണ്. .
'ഗ്രിറ്റ് :ദി മേജർ സ്‌റ്റോറി' എന്ന പുസ്തകം അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. വളരെ എളിയ സാഹചര്യത്തിൽ നിന്ന് വളർന്ന് വന്നയാളാണ് ദേവേന്ദർ. കാർഗിൽ യുദ്ധത്തിൽ കാല്‍ നഷ്ടമായെങ്കിലും അദ്ദേഹം ജീവിതത്തിലേയ്ക്ക് ശക്തമായി മടങ്ങിയെത്തി. ഇന്ത്യയുടെ ആദ്യ ബ്ലേഡ് റണ്ണറായാണ് അറിയപ്പെടുന്ന ദേവേന്ദറിന്റെ പേരിലാണ് ഭിന്നശേഷിയുള്ള ആദ്യ ഇന്ത്യൻ സോളോ സ്‌കൂബാ ഡൈവർ എന്ന ലിംകാ ബുക്‌സ് ഓഫ് റെക്കോഡും.
കുട്ടിക്കാലം മുതൽ ഭിന്നശേഷേയുള്ളവരുടെ ശാക്തീകരണത്തിന് ദേവേന്ദർ പാൽ സിംഗിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് വരെയുള്ള കാലഘട്ടമാണ് പുസ്തകത്തിലുള്ളത്. കരസേന മേധാവി ബിബിൻ റാവത്താണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും അഭിമാനം ഉയർത്തിയ യഥാർത്ഥ സൈനികൻ എന്നാണ് ബിബിൻ റാവത്ത് പുസ്തകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വി. ആർ. ഫെറോസ്, ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചിത്രകാരനും ഡിസൈനറുമായ ശ്രീറാം ജഗന്നാഥൻ എന്നിവരാണ് ദേവേന്ദർ പാൽ സിംഗിന്റെ പുസ്തകത്തിനായി പ്രവർത്തിച്ചത്.