കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗുണ്ടാനേതാവ് വെട്ടേറ്റു മരിച്ചു. ഗുണ്ടാനേതാവായ ആദികടലായി സ്വദേശി കട്ട റൗഫ് ആണ് വെട്ടേറ്റു മരിച്ചത്. ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളംകേട്ട് ആളുകൾ എത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു.ദേഹമാസകലം വെട്ടേറ്റ് രക്തത്തിൽ കുളിച്ച റൗഫിനെ പൊലീസ് എത്തി നടാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2016ൽ എസ്.ഡി.പി.ഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ് സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. മയക്കുമരുന്ന് കടത്തുൾപ്പെടെ നിരവധി കേസിലും റൗഫ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.