തിരുവനന്തപുരം: കർക്കടകവാവിനോടനുബന്ധിച്ച് പിതൃമോക്ഷം തേടി പതിനായിരങ്ങൾ നാളെ ബലിതർപ്പണം നടത്തും.
ജില്ലയിലെ ക്ഷേത്രങ്ങളിലെയും ബലിക്കടവുകളിലെയും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. നാളെ പുലർച്ചെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നടക്കും. നഗരത്തിലെ പ്രധാന തർപ്പണ കേന്ദ്രങ്ങളായ ശംഖുംമുഖത്തും തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു.
ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് ഇക്കുറി കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൽമണ്ഡപത്തിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ദേവസ്വം ബോർഡിന്റെ രണ്ട് പന്തലുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ദേവസ്വം ബോർഡിന് പുറമേ വിശ്വഹിന്ദുപരിഷത്ത്, മറ്റ് സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും ബലിപ്പുരകൾ ഒരുക്കുന്നുണ്ട്. ഒരേ സമയം 1600 പേർക്ക് തർപ്പണം നടത്താൻ പറ്റുന്ന രീതിയിലാണ് ശംഖുംമുഖത്ത് സൗകര്യങ്ങളൊരുങ്ങുന്നത്. കടൽക്ഷോഭം കണക്കിലെടുത്ത് കടലിൽ മുങ്ങിനിവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിയിട്ട് മുങ്ങി നിവരുന്ന സ്ഥലം ഇനിയും തീരുമാനിച്ചിട്ടില്ല.
കടൽ ക്ഷോഭം വർദ്ധിച്ചാൽ ക്ഷേത്രവളപ്പിനുള്ളിൽ തന്നെ തർപ്പണത്തിന് സൗകര്യമേർപ്പെടുത്താനാണ് നഗരസഭ ആലോചിക്കുന്നത്. ചടങ്ങുകൾ തീരത്തുനിന്ന് ക്ഷേത്രവളപ്പിലേക്ക് മാറ്റിയാൽ ഒരേ സമയം 800 പേർക്ക് മാത്രമേ ബലിയർപ്പിക്കാൻ സാധിക്കൂ എന്ന പോരായ്മ ഉണ്ടാകും. അപകട സാദ്ധ്യതകൾ കണക്കിലെടുത്ത് ശംഖുംമുഖത്ത് നിലവിലുള്ള 10 ലൈഫ് ഗാർഡുമാർക്ക് പുറമേ 10 പേരെ കൂടി അധികമായി നിയമിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ ഗാർഡുമാരുടെയും സേവനം ലഭ്യമാകും.സംസ്ഥാനത്തെ ഏക പരശുരാമ ക്ഷേത്രമായ തിരുവല്ലത്ത് ഇക്കുറിയും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 9 പന്തലുകളിലായി 3000 പേർക്ക് ഒരേ സമയം ബലിതർപ്പണം നടത്താൻ സാധിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്.
പുലർച്ചെ 2ന് ആരംഭിച്ച് ഉച്ചയ്ക്ക് 1ന് മുൻപായി അവസാനിക്കുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഇരുനൂറോളം പൊലീസുകാരെയും ക്ഷേത്ര വികസന സമിതി വോളന്റിയർമാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്കും അല്ലാത്തവർക്കും സുഗമമായി ബലിയർപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ബലിയർപ്പിച്ച ശേഷം ശരീര ശുദ്ധി വരുത്താനായി താത്കാലിക ഷവറുകളും സ്ഥാപിച്ചു.
മറ്റു ക്ഷേത്രങ്ങളും
നെയ്യാറിന്റെയും കരമനയാറിന്റെയും തീരത്തുള്ള ഒട്ടുമിക്ക ക്ഷേത്രക്കടവുകളിലും ബലി തർപ്പണം നടക്കും. കൈമനം ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ രാവിലെ ആറ് മുതൽ ഒൻപത് വരെ ബലി തർപ്പണം നടക്കും. വേളി പൊഴിക്കര മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 4നും കഠിനംകുളം മഹാദേവർ ക്ഷേത്രത്തിൽ 4.30നും ചടങ്ങുകൾ ആരംഭിക്കും. കുടപ്പനക്കുന്ന് തപോവനം സിദ്ധാശ്രമം, പൂവാർ പൊഴിക്കര, കരമന ഗണപതികോവിൽ, വഞ്ചിയൂർ ഋഷിമംഗലം ക്ഷേത്രം, കൈമനം ശ്രീ മഹാവിഷ്ണു ക്ഷേത്രം, വഴയില തമ്പുരാൻ ശിവക്ഷേത്രം, മേനംകുളം അർദ്ധനാരീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം ബലിതർപ്പണവും മറ്ര് പൂജകളും നടക്കും.
പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസുകൾ
പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും അവിടുന്ന് തിരിച്ചും കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകൾക്കായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശംഖുംമുഖം, തിരുവല്ലം, വർക്കല തുടങ്ങിയ സ്ഥലങ്ങളിലേക്കും അവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്കുമാണ് സർവീസുകൾ.
കൂടുതൽ യാത്രാ സൗകര്യമേർപ്പെടുത്തുന്നതിന്റെ ഭാഗമായി വാവിന്റെ തലേദിവസമായ ഇന്നും കെ.എസ്.ആർ.ടി.സിയുടെ അധിക സർവീസുകൾ ഉണ്ടായിരിക്കും. എല്ലാ ഡിപ്പോകളിൽ നിന്നും അധിക സർവീസുകൾ ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലും കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെല്ലിലും വിവരങ്ങൾക്ക് ബന്ധപ്പെടാം. നമ്പരുകൾ: സിറ്രി യൂണിറ്റ് - 04712574795, പാപ്പനംകോട് - 04712494002 (തിരുവല്ലം, ശംഖുംമുഖം), ആറ്റിങ്ങൽ യൂണിറ്റ് - 04702622202, കൺട്രോൾ റൂം: 04712463799, 9447071021, വാട്സ് ആപ്പ് നമ്പർ: 8129562972.
സുരക്ഷ ഒരുക്കി പൊലീസ്
പൊലീസ്, അഗ്നിശമന സേന എന്നിവരുടെ പ്രത്യേക സംഘം വാവുബലി കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കും. പൊലീസിനു പുറമേ ദേവസ്വം വകുപ്പും അതത് ക്ഷേത്ര കമ്മിറ്രികളും ഏർപ്പെടുത്തിയ വോളന്റിയർമാരും ചടങ്ങിനെത്തുന്നവരെ നിയന്ത്രിക്കും. മെഡിക്കൽ സംഘത്തിന്റെ സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാകും. സ്നാനഘട്ടങ്ങളെല്ലാം നിറഞ്ഞുകവിയുന്നതിനാൽ ഭക്തരും ജാഗ്രത പാലിക്കണം. പൂർണമായി ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണത്തെ വാവുബലി നടക്കുക.
മദ്യ നിരോധനം ഏർപ്പെടുത്തി
വാവിനോടനുബന്ധിച്ച് ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ തിരുവനന്തപുരം കോർപറേഷൻ പരിധിയിലും വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള പഞ്ചായത്തുകളിലും മദ്യവില്പന ശാലകൾ പ്രവർത്തിക്കുന്നത് കളക്ടർ നിരോധിച്ചിട്ടുണ്ട്.