തിരുവനന്തപുരം: പൊലീസ് കമ്മിഷണറേറ്റ് രൂപീകരണം പാളിയതോടെ, രണ്ടു മാസം മാത്രം സിറ്റി പൊലീസ് കമ്മിഷണർ കസേരയിലിരുന്ന ഐ.ജി ദിനേന്ദ്ര കശ്യപ് തലസ്ഥാനം വിടുന്നു. അഞ്ച് ജില്ലകളുടെ ചുമതലയുണ്ടായിരുന്ന ഐ.ജിയെ, ഡി.ഐ.ജിയുടെ കസേരയിൽ ഇരുത്തി സർക്കാർ നടത്തിയ പരീക്ഷണം പരാജയപ്പെട്ടതോടെ, രഹസ്യാന്വേഷണ ഏജൻസിയായ റായുടെ ചുമതലയിലുള്ള ദേശീയ ടെക്നിക്കൽ ഇന്റലിജൻസ് ഏജൻസിയായ നാഷനൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിലേക്ക് (എൻ.ടി.ആർ.ഒ) ഡെപ്യൂട്ടേഷനിൽ പോവുകയാണ് കശ്യപ്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവാനുള്ള കശ്യപിന്റെ അപേക്ഷയിൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. പക്ഷേ, കശ്യപിന് ഉടൻ വിടുതൽ നൽകി കേന്ദ്രസർവീസിലേക്ക് അയയ്ക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകി. കശ്യപിനായി എൻ.ടി.ആർ.ഒയിലെ തസ്തിക ഒഴിച്ചിട്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കശ്യപ് പോകുന്നതോടെ, കമ്മിഷണർ പദവിയിൽ ഡി.ഐ.ജിയെ നിയമിക്കാനും നീക്കമുണ്ട്.
2013 ജനുവരിയിൽ യു.ഡി.എഫ് മന്ത്രിസഭ രണ്ടുവട്ടം തീരുമാനമെടുത്തിട്ടും എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്ന പൊലീസ് കമ്മിഷണറേറ്റ് നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂണിലാണ് പൊടിതട്ടിയെടുത്തത്. മന്ത്രിസഭയിലും മുന്നണിയിലും നിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെ തിരുവനന്തപുരം പൊലീസ് കമ്മിഷണറേറ്റ് രൂപീകരണം നടപ്പായില്ല. തിരുവനന്തപുരം സിറ്റിയിൽ കമ്മിഷണറായിരുന്ന ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിനെ അഡിഷണൽ കമ്മിഷണറാക്കി, കശ്യപിനെ കമ്മിഷണർ കസേരയിലിരുത്തി.
ചുമതലയേറ്റതിനു പിന്നാലെ കശ്യപ് രണ്ടാഴ്ച അവധിയെടുത്തിരുന്നു. അഞ്ചു പൊലീസ് ജില്ലകളുടെ മേൽനോട്ടത്തിൽ നിന്ന് പകുതി ജില്ലയുടെ ചുമതലയിലേക്ക് ഒതുക്കിയതിൽ കശ്യപ് അസംതൃപ്തനായിരുന്നു. 21 വർഷം അനുഭവപരിചയമുള്ള ഐ.ജിയെ, ഡി.ഐ.ജിമാരുടെ കസേരയിൽ ഇരുത്തിയെന്നതിനപ്പുറം ഒരു പരിഷ്കാരവും കമ്മിഷണറേറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായില്ല. ഒമ്പതുവർഷം സി.ബി.ഐയിലായിരുന്ന്, ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെതിരായ അഴിമതിക്കേസ് അന്വേഷിച്ച് ദേശീയശ്രദ്ധ നേടിയ കശ്യപ് തലസ്ഥാനത്തെ ഒതുക്കലിന് വഴങ്ങാതെ കേന്ദ്ര ഡെപ്യൂട്ടേഷൻ തേടുകയായിരുന്നു.
ഗുണ്ടാനിയമം ചുമത്താനും ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനും നല്ലനടപ്പ് ശിക്ഷനൽകാനും വെടിവയ്പിനുമൊക്കെ കളക്ടർമാർക്കുള്ള അധികാരം കമ്മിഷണർമാർക്ക് നൽകിയാണ് കമ്മിഷണറേറ്റ് രൂപീകരിക്കാനൊരുങ്ങിയത്. പൊലീസിന് അമിതാധികാരം നൽകുന്നത് പൊലീസ്രാജിനും ക്രമസമാധാന തകർച്ചയ്ക്കും ഇടയാക്കുമെന്ന് ഐ.എ.എസുകാർ നിലപാടെടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി.
കരുതൽതടങ്കൽ, നിരോധനാജ്ഞ അധികാരങ്ങളില്ലെങ്കിൽ കമ്മിഷണറേറ്റ് കടലാസുപുലിയാവുമെന്ന് ഐ.പി.എസുകാരും സർക്കാരിനെ അറിയിച്ചു. മേൽനോട്ടത്തിനാരുമില്ലാതെ, ഗുണ്ടാനിയമം ചുമത്താൻ പൊലീസിന് അധികാരം നൽകിയാൽ രാഷ്ട്രീയക്കാർക്കെതിരെയടക്കം കാപ്പ ചുമത്തിയേക്കാനിടയുണ്ടെന്ന് നിയമസഭയിലും വിമർശനമുണ്ടായി. പ്രിവന്റീവ് സെക്ഷൻ107 പ്രകാരം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നല്ലനടപ്പ് ബോണ്ട് നൽകാനും ഒരുലക്ഷം പിഴയിടാനും മജിസ്ട്രേട്ടിനുള്ള അധികാരം പൊലീസിന് നൽകിയാൽ കേസിൽ പ്രതിയല്ലാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്നും പൊലീസ്രാജിന് വഴിവയ്ക്കുമെന്നും ആശങ്ക ഉയർന്നതോടെ കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള നീക്കം സർക്കാർ മരവിപ്പിക്കുകയായിരുന്നു.
പൊലീസ് കമ്മിഷണറേറ്റ് വന്നാൽ
ഗുണം
l കമ്മിഷണറേറ്റാവുന്നതോടെ പൊലീസിംഗ് മെച്ചപ്പെടും. കൂടുതൽ ഉദ്യോഗസ്ഥരുണ്ടാവും
l തീവ്രവാദികളെ അമർച്ച ചെയ്യാനും തീരസുരക്ഷയ്ക്കുമെല്ലാം പ്രത്യേക വിഭാഗങ്ങളുണ്ടാകും
l ഗുരുതര കുറ്റകൃത്യങ്ങൾ നേരിടാൻ 2 നഗരങ്ങളിലും കേന്ദ്രീകൃത സംവിധാനമുണ്ടാകും
l കളക്ടർമാർ തീരുമാനമെടുക്കാത്തതിനാൽ ഗുണ്ടകൾ ജാമ്യത്തിലിറങ്ങി കുറ്റം തുടരുന്നത് തടയാം
ദോഷം
l പൊലീസിന്റെ മേൽനോട്ടത്തിന് സിവിൽ അതോറിട്ടിയില്ലെങ്കിൽ അധികാര ദുർവിനിയോഗമുണ്ടാകാം
l കളക്ടർമാർ ഗുണ്ടാനിയമം ചുമത്തുന്നത് പ്ലീഡർമാരുടെയടക്കം അഭിപ്രായം തേടിയശേഷമാണ്
l സ്വമേധയാ വെടിവയ്ക്കാൻ അധികാരം നൽകിയാൽ മനുഷ്യാവകാശലംഘനം പതിവായേക്കാം
l ലൈസൻസിംഗ്, പാർക്കിംഗ് സർട്ടിഫിക്കേഷൻ, ആയുധലൈസൻസ് എന്നിവ അഴിമതിക്കിടയാക്കും