തിരുവനന്തപുരം: ദിവസവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പേട്ട റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറികൾ വിശ്രമത്തിൽ തന്നെ. പൊതു വിശ്രമ മുറി, സ്ത്രീകൾക്കായുള്ള വിശ്രമ മുറി എന്നീ ബോർഡുകൾ എഴുതി തൂക്കിയിട്ടുണ്ടെങ്കിലും മുറികൾ അടഞ്ഞുതന്നെയാണ് കിടക്കുന്നത്. ആവശ്യക്കാരുണ്ടെങ്കിൽ സ്റ്രേഷൻ മാസ്റ്ററുടെ മുറിയിൽ ചെന്ന് താക്കോൽ വാങ്ങി മുറികൾ ഉപയോഗപ്പെടുത്താമെന്നാണ് സംഭവത്തെപ്പറ്റി ചോദിച്ചാൽ റെയിൽവേ അധികൃതരുടെ മറുപടി. ഭൂരിഭാഗം സമയത്തും ആർക്കും ഉപയോഗപ്പെടുത്താനാവാതെ അടഞ്ഞുകിടക്കുക തന്നെയാണ് ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച സൗകര്യങ്ങൾ. സ്വകാര്യ പേ ആൻഡ് യൂസ് സൗകര്യം സമീപത്തുള്ളതാണ് യാത്രക്കാർക്കുള്ള ഏക ആശ്വാസം.
ആർ.സി.സിയിലേക്കും മെഡിക്കൽ കോളേജിലേക്കുമായി വടക്കൻ ജില്ലകളിൽ നിന്നടക്കമുള്ള അവശരായ രോഗികളുമായി നിരവധി പേരാണ് ദിവസേന ഇവിടെയെത്തുന്നത്. ഇതിൽ ഭൂരിഭാഗവും അതിരാവിലെ എത്തിച്ചേരുന്ന തിരുവനന്തപുരം എക്സ്പ്രസ്, മാവേലി, മലബാർ ട്രെയിനുകളിലെ യാത്രക്കാരാണ്. ടോയ്ലെറ്റ് ഉപയോഗിക്കാനോ മറ്രാവശ്യങ്ങൾ നിർവഹിക്കാനോ വേണ്ടിയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത ജനങ്ങൾക്ക് സമ്മാനിക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്. യാത്രക്കാർ സ്റ്രേഷൻ അധികൃതരോട് ആവശ്യപ്പെട്ടാൽ വിശ്രമ മുറിയുടെ താക്കോൽ നൽകും. ആവശ്യം കഴിഞ്ഞ് മുറി പൂട്ടി തിരികെ നൽകണമെന്നാണ് വ്യവസ്ഥ. ഇതറിയാത്ത ആളുകൾ മുറിക്കു പുറത്തെ കസേരകളിൽ തന്നെ വിശ്രമിക്കാറാണ് പതിവ്.
സ്ത്രീ സൗഹൃദമല്ലാത്ത സ്ത്രീകൾക്കുള്ള വിശ്രമമുറി
കാര്യം അത്യാവശ്യം സൗകര്യമുള്ള മുറിയൊക്കെ തന്നെയാണ്. ഇരിക്കാനുള്ള കസേരകൾ, ലൈറ്റ്, ഫാൻ, മൊബൈൽ ചാർജിംഗ് എന്നീ സൗകര്യങ്ങളെല്ലാമുണ്ട്. പക്ഷേ, രണ്ട് ബാത്ത് റൂം ഉള്ളതും അടഞ്ഞുതന്നെ കിടക്കും. ശുചീകരണത്തിനായി ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ടോയ്ലെറ്റുകൾ അടച്ചിടാനുള്ള കാരണമെന്ന് പറയുന്നു റെയിൽവേ അധികാരികൾ.
'സ്ഥിരമായി ശുചീകരണ തൊഴിലാളികളുള്ള സ്റ്രേഷനുകളിലെ ടോയ്ലെറ്റുകൾ മാത്രമാണ് 24 മണിക്കൂറും പ്രവർത്തിക്കുക, ഇവിടെ അതില്ല. ഇടക്കാലത്ത് ടോയ്ലെറ്റുകൾ തുറന്നിരുന്നു. കൃത്യമായി വൃത്തിയാക്കാൻ ആളില്ലാത്തതിനാൽ സാനിറ്ററി നാപ്കിനുകൾ അടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ് ഇവ പ്രവർത്തിക്കാതായി. പൊതുവിശ്രമ മുറിയിൽ സൗകര്യങ്ങളെല്ലാമുണ്ട്. ആവശ്യക്കാരുണ്ടെങ്കിൽ പേ ആൻഡ് യൂസ് സൗകര്യങ്ങളോ പൊതു വിശ്രമമുറിയിലെ ശുചിമുറി സൗകര്യങ്ങളോ ഉപയോഗപ്പെടുത്താം"- സ്റ്രേഷനിലെ ക്ലാർക്ക് നജീബ് പറഞ്ഞു.
ഒരു സമയത്ത് ഒരു ജീവനക്കാരൻ മാത്രം
ജീവനക്കാരെ തെറ്റ് പറയാൻ പറ്റില്ല. ആകെ 4 ജീവനക്കാരുള്ള റെയിൽവേ സ്റ്രേഷനിൽ ഒരു സമയം ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടാവുക. ആ ഒരാൾ ഒറ്റയ്ക്കാണ് ടിക്കറ്റ് വിതരണവും യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടിയും അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. അതിന് പുറമെ വിശ്രമമുറികളുടെ സംരക്ഷണവും ശ്രദ്ധിക്കുക പ്രയാസകരമാണെന്നാണ് ജീവനക്കാർ പറയുന്നത്.
പ്രത്യേകിച്ചും രാത്രി നേരങ്ങളിൽ നോക്കാൻ ആളില്ലാതെ വിശ്രമമുറികൾ തുറന്നിട്ടാൽ സാമൂഹ്യവിരുദ്ധരും യാത്രക്കാരല്ലാത്തവരും അവിടം കൈയടക്കിയേക്കാം. യാത്രക്കാർക്ക് നേരെയുള്ള അക്രമങ്ങൾക്കുള്ള സാദ്ധ്യതകളും തള്ളിക്കളയാൻ പറ്റില്ല.
ഒറ്റ ജീവനക്കാരൻ മാത്രമുള്ള എല്ലാ റെയിൽവേ സ്റ്രേഷനുകളിലും സ്ഥിതി ഇതാണെങ്കിലും യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമമുറികൾക്കായുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.