തിരുവനന്തപുരം: രാവിലെ ഒൻപതരയോടെ നാദിറ എത്തി. കടും റോസും വെള്ളയും കലർന്ന ചുരിദാറിൽ ആത്മവിശ്വാസത്തോടെ കോളേജിന് മുന്നിലേക്ക്. ഈ സമയം നാദിറയുടെ വരവും കാത്ത് എ.ഐ.എസ്.എഫ്. പ്രവർത്തകർ കൊടിതോരണങ്ങളുമായി ഗേറ്റിന് മുന്നിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. നിറഞ്ഞ പുഞ്ചിരിയുമായി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. നാദിറയെ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ, കോളേജ് യൂണിറ്റ് സെക്രട്ടറി റനിൻ സന്തോഷ്, പ്രസിഡന്റ് എസ്. അജേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.ഐ.എസ്.എഫിന്റെ പതാക നൽകി സ്വീകരിച്ചു. ശേഷം ചെറിയൊരു ആശംസാപ്രസംഗം. തുടർന്ന് കോളേജിനുള്ളിലേക്ക്. ഇതൊരു പുതിയ ചരിത്രമാണ്. യൂണിവേഴ്സിറ്റി കോളേജിൽ പഠനത്തിനെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന ബഹുമതിയിലേക്ക് നാദിറ നടന്നു കയറി. സംസ്ഥാനത്ത് എം.എ കോഴ്സിന് പ്രവേശനം ലഭിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിനി കൂടിയാണ് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗംകൂടിയായ നാദിറ.
പഠനത്തിനൊപ്പം യൂണിവേഴ്സിറ്റി കോളേജിൽ എ.ഐ.എസ്.എഫിന് കരുത്തുപകരാനാണ്ൻ നാദിറ മെഹ്രിൻ എത്തിയിരിക്കുന്നത്.
നാദിറ മെഹ്രിൻ എന്ന ട്രാൻസ്ജെൻഡർ യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായി ചുവടുവയ്ക്കുന്നു. സർക്കാരിന്റെ പ്രത്യേക സംവരണ സീറ്റിലാണ് നാദിറയുടെ പ്രവേശനം. പഠനത്തോടൊപ്പം രാഷ്ട്രീയപ്രവർത്തനവും തുടരും. നേരത്തേ തന്നെ ഏഴംഗ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചതിനാൽ നാദിറ തത്കാലം പ്രവർത്തകയായി തുടരും. തോന്നയ്ക്കൽ എ.ജെ കോളേജിൽ പത്രപ്രവർത്തനത്തിൽ ബിരുദമെടുത്ത നാദിറ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് പാനലിൽ ജനറൽ സെക്രട്ടറിയായി മത്സരിച്ച് ചരിത്രമെഴുതിയിരുന്നു. കോളേജ് കവാടത്തിൽ കാവൽ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ രേഖകൾ കാണിച്ചശേഷം അകത്തേക്ക്. ഒപ്പം കൂടിയ എ.ഐ.എസ്.എഫ് പ്രവർത്തകർ കോളേജിനുള്ളിൽ പൊലീസ് വേലിയിൽ സ്വന്തം കൊടി നാട്ടി. പതിനെട്ടു വർഷത്തിനുശേഷമാണ് എസ്.എഫ് ഐയുടേതല്ലാത്ത ഒരു കൊടി യൂണിവേഴ്സിറ്റി കോളേജ് വളപ്പിനുള്ളിൽ കാണുന്നത്.
സ്വീകരണമൊരുക്കി എസ്.എഫ്.ഐയും
കോളേജിലേക്ക് ആദ്യമായി എത്തുന്ന ട്രാൻസ്ജെൻഡർ ഇനി ഏത് പാർട്ടിക്കാരിയാണെങ്കിലും അവരെ പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തോടെ നാദിറയ്ക്ക് കോളേജിനുള്ളിൽ എസ്.എഫ്.ഐയും സ്വീകരണമൊരുക്കി.
കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും കോളേജിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായ എ.ആർ. റിയാസിന്റെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർ ക്ലാസിലെത്തി നാദിറയെ കണ്ടത്. പൂവ് നൽകി സ്വീകരിച്ചു. ഒപ്പം എല്ലാവിധ പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്തു.