തിരുവനന്തപുരം: ഇനി നല്ല ഫ്രഷ് മത്സ്യങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലെ മത്സ്യഫെഡിന്റെ ഹൈടെക് മത്സ്യ വില്പനശാല വഴി ലഭിക്കും. ഗുണ നിലവാരമുള്ള മത്സ്യം ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ഹൈടെക് മത്സ്യവില്പനശാലയും മത്സ്യ സംഭരണ കേന്ദ്രവും ഇന്നലെ വൈകിട്ട് ആനയറ വേൾഡ് മാർക്കറ്റിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്നാമത് ഹൈടെക് മത്സ്യ വില്പനശാലയും മത്സ്യഫെഡിന്റെ നാലാമത് മത്സ്യ സംഭരണ കേന്ദ്രവുമാണ് ആനയറ വേൾഡ് മാർക്കറ്റിലേത്. മത്സ്യ സഹകരണ സംഘങ്ങൾ വഴിയും നേരിട്ടും സംഭരിക്കുന്ന മത്സ്യം വൃത്തിയാക്കിയാണ് ഉപഭോക്താക്കൾക്ക് മത്സ്യ വില്പനശാല വഴിയും മൊബൈൽ ഫിഷ് മാർട്ട് വഴിയും വിതരണം ചെയ്യുക. ജില്ലയിലെ രണ്ടാമത്തെ അന്തിപ്പച്ച (മൊബൈൽ ഫിഷ് മാർട്ട്) വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
അതത് ദിവസം മത്സ്യത്തൊഴിലാളികൾ പിടിച്ച് കൊണ്ടുവരുന്ന മത്സ്യം ജില്ലയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി സംഭരിച്ച് മത്സ്യഫെഡിന്റെ വേൾഡ് മാർക്കറ്റിലെ സംഭരണ കേന്ദ്രത്തിലെത്തിക്കും. ഇവിടെ നിന്ന് മത്സ്യം വൃത്തിയാക്കി ഗുണമേന്മ നഷ്ടപ്പെടാതെ മത്സ്യ വില്പനശാല വഴിയും മൊബൈൽ ഫിഷ് മാർട്ട് (അന്തിപ്പച്ച) വഴിയും വിതരണം ചെയ്യും. പച്ച മത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകൾ, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് (ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി) റെഡി ടു കുക്ക് വിഭവങ്ങൾ (മത്സ്യക്കറി കൂട്ടുകൾ, ഫ്രൈ മസാല), കൈറ്റോൺ ഗുളികകൾ എന്നിവയും ഹൈടെക് മത്സ്യ വില്പനശാലയിൽ ലഭിക്കും. തദ്ദേശവാസികളായ സ്വയം സഹായ ഗ്രൂപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 5 അംഗങ്ങളാണ് മത്സ്യ വില്പനശാലയിലെ ജീവനക്കാർ. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് മത്സ്യ വില്പനശാലയുടെ പ്രവർത്തനം.
ജനങ്ങൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈടെക് മത്സ്യ വില്പനശാല, മത്സ്യ സംഭരണ കേന്ദ്രം, മൊബൈൽ ഫിഷ് മാർട്ട് തുടങ്ങിയ പദ്ധതികൾ മത്സ്യഫെഡ് നടപ്പിലാക്കുന്നത്. ആനയറ വേൾഡ് മാർക്കറ്റിൽ ആരംഭിച്ച പുതിയ സംരംഭത്തിൽ ആകെ 12 ജീവനക്കാരുണ്ട്. മൊബൈൽ ഫിഷ് മാർട്ട് (അന്തിപ്പച്ച) വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണമേന്മയുള്ള ശുദ്ധമായ മത്സ്യം ലഭ്യമാക്കും. ലോറൻസ് ഹരോൾഡ്, എം.ഡി, മത്സ്യഫെഡ്