തിരുവനന്തപുരം: വഴുതയ്ക്കാട് കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിനെ വലച്ചിരുന്ന കുടിവെള്ളപ്രശ്നത്തിന് ഒടുവിൽ ശാശ്വത പരിഹാരം കണ്ട് വാട്ടർ അതോറിട്ടി സ്കൂളിൽ പുതിയ കണക്ഷൻ നൽകി. ഈ മാസം 17നാണ് പുതിയ കണക്ഷനായി സ്കൂളധികൃതർ അപേക്ഷ നൽകിയത്. അപേക്ഷ ലഭിച്ച് പത്താംദിവസം കണക്ഷൻ നൽകിയതായി വാട്ടർ അതോറിട്ടി പബ്ളിക്ക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ.വി. സന്തോഷ് കുമാർ പറഞ്ഞു. അതിവേഗം പ്രശ്നപരിഹാരം ഉണ്ടാക്കിയതിന് വാട്ടർ അതോറിട്ടിയെ അഭിനന്ദിച്ചുകൊണ്ട് സ്കൂളധികൃതർ കത്തും നൽകി.
പുതിയ കണക്ഷനെത്തിയതോടെ സ്കൂളിൽ കുടിവെള്ളം സംബന്ധിച്ച പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി പ്രിൻസിപ്പൽ ജെ.രാജശ്രീ പറഞ്ഞു. 5000 ലിറ്ററിന്റെ പുതിയ ടാങ്കും സ്കൂളിൽ സ്ഥാപിച്ചു. ഉടൻ തന്നെ 5000 ലിറ്ററിന്റെ മറ്രൊരു ടാങ്കും 10,000 ലിറ്ററിന്റെ ടാങ്കും സ്ഥാപിച്ച് കുടിവെള്ളം ശേഖരിക്കും.
പലവിധ പ്രവൃത്തികൾക്കായി റോഡ് കുഴിക്കുന്നതും പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് എം.എൽ.എ ചെയർമാനും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അംഗങ്ങളായുമുള്ള സമിതി രൂപീകരിച്ചിരുന്നു. കോട്ടൺഹില്ലിൽ പുതിയ കണക്ഷൻ നൽകാൻ റോഡ് വെട്ടിമുറിക്കണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ തീർക്കാൻ പുതിയ കമ്മിറ്റിക്കായി.