കസബയ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും തുല്യ പ്രാധാന്യമുള്ള വേഷങ്ങളവതരിപ്പിക്കുന്നു. ഗുഡ്ലൈൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കും.
ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ് കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഒരു യുവനായികയായിരിക്കും ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരനിർണയം പൂർത്തിയായി വരുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഭയാനകം, രൗദ്രം 2019 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിഖിൽ എസ്. പ്രവീണാണ്. എഡിറ്റർ : മൻസൂർ മുത്തൂട്ടി, കോസ്റ്റ്യൂം ഡിസൈനർ : നിസാർ റെഹ്മത്ത്, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജയ് പടിയൂർ, കലാസംവിധാനം : രാഖിൻ.
നേരത്തെ രൺജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ലേലത്തിന്റെ രണ്ടാം ഭാഗം ചെയ്യാനായിരുന്നു നിഥിന്റെ പ്ളാൻ. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്ട് നീട്ടിവച്ചതിനെ തുടർന്നാണ് സ്വന്തം തിരക്കഥയിൽത്തന്നെ ഒരു സുരേഷ്ഗോപി ചിത്രമൊരുക്കാൻ നിഥിൻ തീരുമാനിച്ചത്.