പ്രാണിലോകത്തെഏറ്റവും സൗന്ദര്യമുള്ള ജീവികളായി കണക്കാക്കപ്പെടുന്ന ഷഡ്പദങ്ങളാണ് ചിത്രശലഭങ്ങൾ. പൂമ്പാറ്റ, ശലഭം, ചിത്രശലഭം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവയുടെ ഇംഗ്ളീഷ് ഭാഷയിലുള്ള പേര് ബട്ടർഫ്ളൈ എന്നാണ്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 270 ലക്ഷം വർഷങ്ങൾക്കു മുൻപേ ചിത്രശലഭങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. 1973-ൽ ഫ്രാൻസിൽ കണ്ടെത്തിയ ഫോസിലുകളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിനാധാരം.
പേരിന്റെ ഉത്ഭവം
ഇംഗ്ളീഷ് ഭാഷയിൽ ബട്ടർഫ്ളൈഎന്ന പേരു വന്നതിനു പിന്നിൽ ഒരുപാട് കഥകൾ ഉണ്ട്. അതിൽ വളരെ പ്രചാരമുള്ള ഒരു കഥ ഇങ്ങനെയാണ്. തെക്കൻ യൂറോപ്പിൽ വസന്തകാലത്ത് ബ്രിംസ്റ്റോൺ എന്നയിനം ശലഭങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. വെള്ള നിറത്തിലുളള അവ കൂട്ടമായി പറന്നുപോവുമ്പോൾ butter (വെണ്ണ) fly (പറക്കുക) എന്ന് ആളുകൾ പറയാൻ തുടങ്ങി. അങ്ങനെ വെണ്ണ നിറമുള്ള ബ്രിംസ്റ്റോൺ (Brimstone) ശലഭങ്ങളിൽ നിന്നാണ് ചിത്രശലഭത്തിന് butterfly എന്ന പേരു വന്നതെന്ന് വിശ്വസിച്ചു പോരുന്നു.
ശരീരഘടന
ഇവയ്ക്ക് ആറു കാലുകളുംമൂന്നു ഭാഗങ്ങളുള്ള ഒരു ജോടി സ്പർശിനികളും ബാഹ്യാസ്ഥികൂടവും രണ്ട് ജോടി ചിറകുകളും ഉണ്ട്. അഗ്രഭാഗം ഉരുണ്ടതോ നിവർന്നുനിൽക്കുന്നതോ ആയ ഒരു ജോഡി സ്പർശിനികൾ (ആന്റിന) എതിർലിംഗത്തിൽപ്പെട്ട ശലഭത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.
ചിത്രശലഭങ്ങളുടെ ശരീരംവളരെ ചെറിയ സംവേദന ശേഷിയുള്ള രോമങ്ങളാൽ മൂടപ്പെട്ടിരിക്കും. ചിത്രശലഭങ്ങളുടെ സംയുക്ത നേത്രങ്ങളിൽ 17,000 ലെൻസുകൾ വരെയുണ്ടാകുമെങ്കിലും മങ്ങിയ രൂപങ്ങൾ മാത്രമേ അവയ്ക്കു കാണാനാവൂ. എങ്കിലും വളരെ വ്യക്തമായ നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവുണ്ട്. ആൺ ചിത്രശലഭങ്ങൾക്ക് താരതമ്യേന വലിയ കണ്ണുകളാണുള്ളത്. നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവും ഇവയ്ക്ക് കൂടുതലാണ്. ചിത്രശലഭങ്ങളുടെ ചിറകുകൾക്ക് അൾട്രാവയലറ്റ് രശ്മികളോട് സംവേദന ക്ഷമത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സ്പർശകങ്ങളാണ് ചിത്രശലഭങ്ങൾക്ക് മണം പിടിക്കാനും പറക്കുമ്പോഴും മറ്റും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനും സഹായകമാകുന്നത്. തലയിൽ വായഭാഗത്ത് ചുരുട്ടി സൂക്ഷിക്കാറുള്ള തുമ്പിക്കൈ ഉപയോഗിച്ചാണ് ചിത്രശലഭങ്ങൾ തേൻ കുടിക്കുന്നത്. ചില ഇനങ്ങൾക്ക് കാലുകളുടെ അടിവശത്ത് ബ്രഷുപോലുള്ള ഭാഗങ്ങൾ കാണുന്നു. ഇവ സ്പർശകങ്ങൾ ശുചിയാക്കാനും മറ്റും ഉപയോഗിക്കുന്നു. കാലുകളുടെ അഗ്രഭാഗം ഉപയോഗിച്ച് ഇവ രുചി അറിയുന്നു.
ജീവിതക്രമം
ചിത്രശലഭങ്ങൾ പ്രധാനമായും പൂന്തേൻ ആണ് ഭക്ഷണമായി ഉപയോഗിക്കുന്നത് . ചിലയിനം പൂമ്പാറ്റകൾ പൂമ്പൊടിയും മരത്തിന്റെ നീരും ചീഞ്ഞുപോകാറായ പഴങ്ങളും അഴുകിയ മാംസവും മണലിലും ചെളിയിലും മറ്റും അലിഞ്ഞുചേർന്ന ധാതുക്കളും ആഹാരമാക്കുന്നു. തേനീച്ചകൾക്കൊപ്പം എത്തില്ലെങ്കിലും പരാഗണത്തിൽ ഒരു പ്രധാന പങ്ക് ചിത്രശലഭങ്ങൾ വഹിക്കുന്നു. പക്ഷേ, കൂടുതൽ ദൂരങ്ങളിൽ പൂമ്പൊടി എത്തിക്കാൻ ചിത്രശലഭങ്ങൾക്കാവില്ല.
പലയിനം ചിത്രശലഭങ്ങൾക്കും പൂന്തേനിലെ പഞ്ചസാരയേക്കാൾ കൂടുതൽ സോഡിയം ആവശ്യമാണ്. ഉപ്പിലെ സോഡിയം ഇത്തരം ചിത്രശലഭങ്ങളെ ആകർഷിക്കുന്നു.ഇതാണ് വിയർത്തിരിക്കുന്ന മനുഷ്യരുടെ ശരീരത്തിൽ ചിത്രശലഭങ്ങൾവന്ന് പറ്റിയിരിക്കാൻ കാരണം. ചെളിയിൽ ചിത്രശലഭങ്ങൾ കളിക്കുന്നത് കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ. വിവിധ പോഷകങ്ങൾ ശേഖരിക്കാനാണ് അവ ഇപ്രകാരം ചെയ്യുന്നത്.
സ്വയരക്ഷ
രൂപാന്തരീകരണത്തിന്റെ വിവിധ ദശകളിൽ പല ഭീഷണികളും നേരിടേണ്ടതുണ്ട്. ഇവയിൽനിന്ന് രക്ഷ നേടാൻ ചിത്രശലഭങ്ങൾ വിവിധ വഴികൾ ഉപയോഗിക്കുന്നു. വിവിധതരം രാസപദാർത്ഥങ്ങളാണ് സ്വയരക്ഷയ്ക്കായി കൂടുതൽ ചിത്രശലഭങ്ങളും ഉപയോഗിക്കുന്നത്. ഈ രാസപദാർത്ഥങ്ങൾ ചെടികളിൽ നിന്നാണ് ചിത്രശലഭങ്ങൾക്ക് ലഭിക്കുന്നത് ഇലകളുടെ നിറമുള്ള ചിത്രശലഭങ്ങൾ ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ ഇലകളിൽ ചേർന്ന് നിൽക്കുന്നു. ചില ചിത്രശലഭങ്ങളുടെ ചിറകിലെ കണ്ണുപോലെ തോന്നിക്കുന്ന ഭാഗങ്ങളും സ്വയരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്. ഇത് ശത്രുക്കളുടെ ശ്രദ്ധ തിരിച്ചുവിടാൻ സഹായിക്കുന്നു.
ചിത്രശലഭ കുടുംബങ്ങൾ
ചിത്രശലഭങ്ങൾ ലെപിഡോപ്ടെറാ എന്ന ഗോത്രത്തിൽപ്പെടുന്നു. ഈ ഗോത്രത്തിൽപ്പെടുന്ന 1800 ഓളം വർഗം ശലഭങ്ങളെ 128 കുടുംബങ്ങളിലായിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ അഞ്ച് കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ ഇനം ചിത്രശലഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളെ കാണുന്നത് ആറളം വന്യജീവി സങ്കേതത്തിലാണ്. ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.
കൊക്കൂൺ കാര്യം
കൊക്കൂൺ എന്നാൽ സുരക്ഷിത കവചം എന്ന അർത്ഥത്തിൽ ഇംഗ്ളീഷ് ഭാഷയിൽ ഉപയോഗിക്കുന്നു. കൊക്കൂണിനുള്ളിലെ ലാർവയെ അത് മുറിച്ചുപുറത്തുവരാൻ സഹായിച്ചാൽ അവയ്ക്കൊരിക്കലും പറക്കാൻ സാധിക്കുകയില്ല. മാസങ്ങളോളമുള്ള പ്രയത്നത്തിന്റെ ഫലമായി അവയുടെ ചിറകുകൾ ശക്തിപ്പെടുകയും അവ ആകാശത്ത് പറന്നുയരുകയും ചെയ്യുന്നു.
ജീവിതചക്രം
ചിത്രശലഭങ്ങളുടെ ജീവിതചക്രം പൂർണ രൂപാന്തരത്തിലൂടെയാണ് നടക്കുന്നത്.
മുട്ട (egg)
സാധാരണയായി ഇലയുടെ അടിവശത്താണ് ഇവ മുട്ടയിടുന്നത്. മുട്ടകൾ പല ആകൃതിയും നിറങ്ങളും ഉള്ളവയാണ്. കൂടുതൽ മുട്ടകളും പച്ചയോ മഞ്ഞയോ നിറങ്ങളോടു കൂടിയവ ആയിരിക്കും. അവ വിരിയുന്നതിനു മുന്നെ ഇരുണ്ട നിറത്തിലേക്കു മാറുന്നു. ചിത്രശലഭത്തിന്റെ മുട്ടകൾ സാധാരണയായി രണ്ടു മുതൽ ആറുദിവസം കൊണ്ടു വിരിയുന്നു. വിരിഞ്ഞുണ്ടാകുന്ന ശലഭപ്പുഴുവിന് ആഹാരമാക്കാനുള്ള സസ്യങ്ങളുടെ ഇലകളിലാണ് അവ മുട്ടകൾ നിക്ഷേപിക്കുന്നത്. ലാർവയുടെ ഭക്ഷണസസ്യങ്ങളിലും തന്റെ ശരീരത്തിൽ നിന്നും വരുന്ന പശയുള്ള ദ്രാവകമുപയോഗിച്ചാണ് ചിത്രശലഭം താനിടുന്ന മുട്ടകൾ ഇലകളിൽ ഒട്ടിച്ചുവയ്ക്കുന്നത്. മുട്ടയുടെ ഉപരിതലത്തിലുണ്ടാവാറുള്ള ഒരു സൂക്ഷ്മദ്വാരത്തിലൂടെയാണ് വളരുന്ന ലാർവയ്ക്ക് ആവശ്യത്തിന് വായുവും ഈർപ്പവും ലഭിക്കുന്നത്.
ശലഭപ്പുഴു (ലാർവ)
രണ്ടു മുതൽ ആറു ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് പൂമ്പാറ്റ പുഴുക്കൾ പുറത്തിറങ്ങും. ഈ പുഴുക്കളെയാണ് ലാർവ എന്നു പറയുന്നത്. ലാർവയുടെ ആദ്യ ഭക്ഷണം മുട്ടയുടെ പുറന്തോട് തന്നെയാണ്. ഇലകളാണ് പിന്നീടുള്ള ഭക്ഷണം. തങ്ങളുടെ മുഴുവൻ സമയവും ഭക്ഷണത്തിനു വേണ്ടിയാണ് ലാർവകൾ ചെലവഴിക്കുന്നത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ലാർവയുടെ ഭാരം ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ആയിരം മടങ്ങ് വർദ്ധിക്കും. തലഭാഗമടക്കം പതിനാലു ഖണ്ഡങ്ങളായാണ് ലാർവയുടെ ശരീരം. തലയിൽ ഒരു ജോടി സ്പർശകങ്ങളും നേത്രങ്ങളുമുണ്ടാകും. ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാർവയ്ക്ക് ആംഗലേയഭാഷയിൽകാറ്റർ പില്ലർ (Caterpiller) എന്നും പറയും.
പ്യൂപ്പ
ലാർവപൂർണ വളർച്ചയിലെത്തുമ്പോൾ പ്രോതൊറാസിക്കോട്രോപ്പിക് ഹോർമോൺ പുറപ്പെടുവിക്കുന്ന ഈ സമയത്ത് ലാർവയുടെ ഭാരം ഒരുപരിധിയിലധികം വർദ്ധിച്ചുകഴിഞ്ഞിരിക്കും. ഇതോടെ ലാർവ ഭക്ഷണം നിർത്തുന്നു. അതിനുശേഷം പ്യൂപ്പ അവസ്ഥയിൽ സമാധിയിരിക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കും. അഞ്ചുതൊട്ട് പതിനഞ്ച് ദിവസങ്ങൾക്കകം ലാർവ ഇലയുടെ അടിയിലോ കമ്പുകളിലോ സ്വയം ഉണ്ടാക്കിയ ഒരു ഉറയിൽ സമാധിയിലിരിക്കുന്നു. ഈ അവസ്ഥയ്ക്കാണ് പ്യൂപ്പ എന്നു പറയുന്നത്.
പ്യൂപ്പയുടെ പുറത്തുള്ള ചെറിയചിറകുകൾ പറക്കാൻ സഹായിക്കുന്ന വലിയ ചിറകുകളായി മാറുന്നതിന് വളരെയധികം പോഷകങ്ങൾ ആവശ്യമാണ്. പ്യൂപ്പ അവസ്ഥയിലെത്തിയ ലാർവകൾ ഒന്നുരണ്ടാഴ്ചകൾ കൊണ്ട് പൂർണ വളർച്ചയെത്തുകയും ചിത്രശലഭം കൂടുപൊട്ടിച്ചു പുറത്തുവരികയും ചെയ്യും. സാധാരണയായി പ്രഭാത സമയങ്ങളിലാണ് ചിത്രശലഭങ്ങൾ പുറത്തുവരുന്നത്.
ആയുർദൈർഘ്യം
ചിത്രശലഭങ്ങൾക്ക് ആയുസ് വളരെ കുറവാണ്. വലിയ ഇനം ചിത്രശലഭങ്ങൾ രണ്ടുമാസത്തോളം ജീവിക്കുമ്പോൾ ചെറിയ ഇനങ്ങൾ രണ്ടുതൊട്ട് മൂന്ന് ആഴ്ചകൾ മാത്രമാണ് ജീവിക്കുന്നത്.