unnao-rape-survivors

ലക്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചുണ്ടായ അപകടം സി.ബി.ഐ അന്വേഷിക്കണമെന്ന് യു.പി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. സംഭവത്തിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

അപകടത്തിൽ പെൺകുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന കുൽദീപ് ആസൂത്രണം ചെയ്തതാണ് അപകടമെന്നാണ് ആരോപണം. സംഭവത്തിൽ കുൽദീപിന്റെ സഹോദരൻ മനോജ് സിംഗ് സെൻഗാറിനും മറ്റ് എട്ടുപേർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വർഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ് കുൽദീപും സഹോദരനും. അപകടത്തിൽ കുൽദീപിനു പങ്കുണ്ടെന്നും പെൺകുട്ടിയെ അപായപ്പെടുത്താൻ ജയിലിൽ വച്ച് ഇവർ ഗൂഢാലോചന നടത്തിയെന്നും ഇരയുടെ അമ്മ ആരോപിച്ചിരുന്നു.

അപകടത്തിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ മാനഭംഗ കേസിലെ പ്രധാന സാക്ഷിയാണ്. കാറോടിച്ചിരുന്നത് പെൺകുട്ടിയുടെ അഭിഭാഷകനാണ്. ഇയാൾക്കും പരിക്കുണ്ട്. പരിക്കേറ്റ പെൺകുട്ടി ലക്‌നൗ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കൈകാലുകൾ, കഴുത്ത്, വാരിയെല്ല് എന്നിവിടങ്ങളിൽ ഗുരുതരമായ പൊട്ടലുകളുണ്ടെന്നും എന്നാൽ അതീവ അപകടനില തരണം ചെയ്‌തെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ, അപകടത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ വാദം. ട്രക്ക് ഡ്രൈവറെയും ഉടമയെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനലോൺ കുടിശ്ശികയുള്ളതിനാൽ വണ്ടി പിടിച്ചെടുക്കാതിരിക്കാനാണ് നമ്പർപ്ളേറ്റ് കറുത്തചായം പൂശി മറച്ചതെന്നാണ് ഇവരുടെ മൊഴി.