vg-siddhartha

മംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേയുടെ ഉടമയുമായ വി.ജി സിദ്ധാർത്ഥിനെ കാണാതായി. ഇന്നലെ രാത്രി കേരളത്തിലേക്കുള്ള യാത്രക്കിടെ മംഗളൂരുവിലെ ഉള്ളാലിൽ വച്ചാണ് കാണാതായത്. സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മംഗളൂരുവിലെ നേത്രാവതി നദിയിൽ സംശയത്തെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.

ഇന്നോവ കാറിൽ സിദ്ധാർത്ഥ് തിങ്കളാഴ്ച മംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര പോയിരുന്നു. അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു വരേണ്ടിയിരുന്നത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. മംഗളൂരുവിന് സമീപമുള്ള ദേശീയ പാതയിലെ ജെപ്പിന മൊഗരുവിൽ സിദ്ധാർത്ഥ് ഡ്രൈവറോട് വാഹനം നിറുത്താൻ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു. എന്നാൽ, ഏറെ സമയം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചു വന്നില്ലെന്നും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.