കാസർകോട്: കേരളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി. സിദ്ധാർത്ഥ് (63) രണ്ട് ദിവസം മുമ്പ് തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് അയച്ച കത്ത് പുറത്ത്. ഒരു സംരംഭകനെന്ന നിലയിൽ താൻ പരാജയമായിരുന്നുവെന്നും ഇനിയും ഇങ്ങനെ തുടരുന്നതിൽ അർത്ഥമില്ലെന്നും കത്തിൽ പറയുന്നു. ആദായ നികുതി വകുപ്പിൽ നിന്നും വലിയ സമ്മർദ്ദമുണ്ടായി. കമ്പനിയെ ലാഭത്തിലാക്കാൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. താൻ ആരെയും ചതിക്കാനോ വഞ്ചിക്കാനോ ശ്രമിച്ചിട്ടില്ല. എന്നേക്കാൾ നല്ലൊരാളെ കണ്ടെത്തി കമ്പനി മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നതായും സിദ്ധാർത്ഥിന്റെ കത്തിൽ പറയുന്നു.
കേരളത്തിലേക്കുളള യാത്രക്കിടെ മംഗലാപുരത്തിനടുത്തുള്ള നേത്രാവതി പാലത്തിന് സമീപത്ത് നിന്ന് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇദ്ദേഹത്തെ കാണാതായത്. നദിയിൽ ചാടിയതാണെന്ന നിഗമനത്തിൽ നേത്രാവതി പുഴയിൽ കർണ്ണാടക പൊലീസും ഫയർഫോഴ്‌സും തീരദേശ പൊലീസും തെരച്ചിൽ നടത്തി വരികയാണ്. സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ മറ്റേതെങ്കിലും വാഹനത്തിൽ കയറി പോവുകയോ അല്ലെങ്കിൽ അബദ്ധത്തിൽ പുഴയിൽ വീഴാനോ ഉള്ള സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര പോയിരുന്നു. അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു വരേണ്ടിയിരുന്നത്. ഇന്നോവ കാറിൽ സിദ്ധാർത്ഥിനൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. എന്നാൽ മംഗളൂരു ദേശീയ പാതയ്ക്ക് സമീപമെത്തിയപ്പോൾ ഡ്രൈവറോട് വാഹനം നിറുത്താൻ ആവശ്യപ്പെടുകയും ഇറങ്ങി പോവുകയുമായിരുന്നു. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചു വരാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും തുടർന്ന് ഡ്രൈവർ കുടുംബാംഗങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നെവെന്നും പറയുന്നു. തന്നോട് വാഹനം നിറുത്താൻ പറഞ്ഞ സമയത്ത് സിദ്ധാർത്ഥ് ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നുവെന്നുമാണ് ഡ്രൈവർ പറഞ്ഞത്. മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മൂത്തമകൾ മാളവികയുടെ ഭർത്താവാണ് സിദ്ധാർത്ഥ്. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകൾക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാർഥിനുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമ കൂടിയാണ് സിദ്ധാർഥ്. രാജ്യത്തെ പ്രമുഖ കാപ്പിക്കുരു കയറ്റുമതിക്കാരനായ സിദ്ധാർത്ഥ് കോഫി കിംഗ് എന്നാണ് അറിയപ്പെടുന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ കഫേ കോഫീ ഡേയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായി. ഓഹരി വിപണിയിൽ കഫേ കോഫി ഡേയുടെ ഓഹരികളിൽ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.