jacob-thomas

കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഉടൻ സർവീസിലേക്ക് തിരിച്ചെടുത്തേക്കില്ല. വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയേക്കും. ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമായിരിക്കും തുടർനടപടി.സർക്കാർ അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ജേക്കബ് തോമസിനെ ഉടൻ തിരികെ സർവീസിലേക്ക് പ്രവേശിപ്പിക്കുമ്പോൾ ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പറയുന്നതിന് തുല്യമാകും. അതിനാലാണ് അപ്പീലുമായി കോടതിയെ സമീപിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. അതേസമയം സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നൽകിയിരുന്നു.

ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ ജൂൺ 18ന് ആറു മാസത്തേക്ക് നീട്ടിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. റാങ്കനുസരിച്ച് ഉചിതമായ പദവിയിൽ ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കണം. പൊലീസിലോ അനുബന്ധ ശാഖകളിലോ നിയമനം നൽകാനാവില്ലെങ്കിൽ തുല്യറാങ്കിൽ മറ്റു പദവിയിൽ നിയമിക്കാമെന്നും സി.എ.ടി അഡ്മിനിസ്‌ട്രേറ്റീവ് അംഗം ഇ.കെ. ഭരത്ഭൂഷൺ, ജുഡിഷ്യൽ അംഗം ആശിഷ് കാലിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.