തിരുവനന്തപുരം: കേരള സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ തൂക്കി വിൽക്കാൻ സർവകലാശാലാ പരീക്ഷാവിഭാഗത്തിൽ തിരക്കിട്ട നീക്കം. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ൽ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുൾപ്പെടെ കേരള യൂണിവേഴ്‌സിറ്റിയിൽ സൂക്ഷിച്ചിട്ടുള്ള മുൻ വർഷങ്ങളിലെ ഉത്തരക്കടലാസുകൾ വിൽക്കാനാണ് പരീക്ഷാവിഭാഗത്തിൽ തിരക്കിട്ട നീക്കം നടക്കുന്നത്.
പി.എസ്.സിയുടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്ക് കിട്ടിയവരുടെ രജിസ്റ്റർ നമ്പർ എഴുതിയ ഉത്തരക്കടലാസുകളാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. തുടർന്ന് ഇവർ 2016ൽ എഴുതിയ യൂണിവേഴ്സിറ്റി പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. ഇതിനിടെയാണ് സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ പേപ്പറുകളും വിൽക്കാൻ നീക്കം നടക്കുന്നത്. പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി രണ്ട് വർഷം കഴിഞ്ഞാൽ ഉത്തരക്കടലാസുകൾ പുറത്തു വിൽക്കാമെന്നാണ് നിയമം. ഇതിന്റെ മറപിടിച്ചാണ് വിവാദ ഉത്തരക്കടലാസുകളും വിൽക്കുന്നത്.
ഈ വർഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് മുൻ വർഷത്തെ പേപ്പറുകൾ വിൽക്കാൻ നിർബന്ധിതമായതെന്നാണ് സർവകലാശാല പറയുന്നത്. ബി.എ ഫിലോസഫി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയാലേ എം.എയ്ക്ക് പ്രവേശനം കിട്ടൂ. എന്നാൽ, എം.എയ്ക്ക് ഒരു സെമസ്റ്ററിനും പാസാകാത്തയാൾക്ക് ബി.എ പരീക്ഷയ്ക്ക് ഉയർന്ന മാർക്കും പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്കും ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്. 2015 വരെയുള്ള എല്ലാ ഉത്തരക്കടലാസുകളും വിറ്റുകഴിഞ്ഞു. 2016-ലെ കടലാസുകൾ കഴിഞ്ഞ വർഷാവസാനം വിൽക്കാമായിരുന്നെങ്കിലും ഫയലുകൾ നീങ്ങുന്നതിലുണ്ടായ കാലതാമസം കാരണം നടന്നില്ല.
2008-ൽ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയുടെ 40,000 ഉത്തരക്കടലാസുകൾ സർവകലാശാലയിൽനിന്ന് നഷ്ടപ്പെട്ടതോടെ നിയമനത്തട്ടിപ്പിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു. വിവാദമായ ഉത്തരക്കടലാസുകൾ ലേലംചെയ്തു വിൽക്കുന്നത് പോലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും. ശിവരഞ്ജിത്തിനൊപ്പം പ്രണവിനും മറ്റു പല വിദ്യാർത്ഥികൾക്കും പരീക്ഷാത്തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.