ന്യൂഡൽഹി:മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കും. സർക്കാർ-സ്വകാര്യ മേഖലകളിലെ ഡോകടർമാർ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂർ പണിമുടക്കിൽ നിന്ന് ഒഴിവാക്കും.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ കഴിഞ്ഞദിവസമാണ് ലോക്‌സഭ പാസാക്കിയത്. നിലവിലെ മെഡിക്കൽ കൗൺസിലിന് പകരം ദേശീയ മെഡിക്കൽ കമ്മിഷൻ രൂപീകരിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.
ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ
മെഡിക്കൽ കോഴ്‌സുകളുടെ ഫീസ്, സീറ്റുകളുടെ എണ്ണം എന്നിവയിലടക്കം വിപുലാധികാരങ്ങളുള്ള മെഡിക്കൽ കമ്മിഷൻ രൂപീകരിക്കണം.
കമ്മിഷനിൽ 29 അംഗങ്ങൾ. 20 പേരെ നോമിനേറ്റ് ചെയ്യും. ഒമ്പതു പേരെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും.
ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം, മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിംഗ്, എത്തിക്‌സ് ആൻഡ് മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡുകൾ ചേർന്നതാണ് കമ്മിഷൻ.
എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ ബിരുദാനന്തര ബിരുദത്തിനുള്ള പ്രവേശനപരീക്ഷയായി കണക്കാക്കും. വിദേശത്ത് പഠിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നവരും നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഈ പരീക്ഷയെഴുതണം.