തിരുവനന്തപുരം: അതിവിദഗ്ധമായി കൊല നടത്തിയ ശേഷം തെളിവും അതുപോലെ നശിപ്പിക്കാനായിരുന്നു അമ്പൂരി രാഖിമോൾ കൊലപാതക കേസിലെ ഒന്നാം പ്രതി അഖിലിന്റെ പദ്ധതി. തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്ന് ഇന്നലെ ചോദ്യം ചെയ്യലിനിടെ അഖിൽ പൊലീസിനോടു പറഞ്ഞു. റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും സൈനികനുമായ അഖിൽ, സഹോദരൻ രാഹുൽ എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ഒരാഴ്ച ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. കൊല്ലപ്പെട്ട രാഖിയുടെ വസ്ത്രങ്ങൾ, മൊബൈൽഫോൺ, ചെരുപ്പ്, ബാഗ് എന്നിവ കണ്ടെത്താനും ഇവരുടെ അച്ഛൻ മണിയന് സംഭവവുമായി ബന്ധമുണ്ടോയെന്ന് മനസിലാക്കാനുമാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. അതേസമയം, ദൃശ്യം മോഡലിൽ രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് മാറ്റി തെളിവില്ലാതാക്കാൻ ഉദ്ദേശിച്ചിരുന്നതായി അഖിലിന്റെ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. മൃതദേഹം കുഴിയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ദുർഗന്ധം പുറത്ത് വരുന്നത് ഒഴിവാക്കാനും കേടാകാതിരിക്കാനുമാണ് ഉപ്പ് വിതറിയതെന്ന് അഖിൽ പൊലീസിനോട് സമ്മതിച്ചു.
സുഹൃത്തുക്കളായ ചില ഉത്തരേന്ത്യക്കാരുടെ സഹായത്തോടെ മൃതദേഹം എവിടെയെങ്കിലും ദൂരസ്ഥലത്തേക്ക് മാറ്റാനായിരുന്നു പദ്ധതി. ഇതിനായാണ് ജോലി സ്ഥലത്തേക്ക് പോയെങ്കിലും ഡ്യൂട്ടിക്ക് ഹാജരാകാതെ മാറി നിന്നത്. എന്നാൽ, രാഖിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ രാജൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതും പൊലീസ് അന്വേഷണം മുറുകിയതും കണക്കുകൂട്ടലുകൾ തെറ്റിച്ചു. അഖിലിനെയും രാഹുലിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടിയശേഷം മണിയനെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.