സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസില്ലാത്തവരിൽ നിന്നും മൂന്ന് വർഷത്തിനിടെ ബാങ്കുകൾ പിടിച്ചെടുത്തത് 10,000 കോടി രൂപ. ദേശസാൽക്കൃത ബാങ്കുകൾ ഉൾപ്പെടെ ഉൾപ്പെടെ 22 ഷെഡ്യൂൾഡ് ബാങ്കുകളാണ് ഇത്രയും തുക ഇടപാടുകാരിൽ നിന്ന് പിടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 2018-19ൽ പൊതുമേഖലാ ബാങ്കുകൾ ഇത്തരത്തിൽ പിടിച്ചെടുത്ത തുകയിൽ കുറവു വന്നപ്പോൾ സ്വകാര്യ ബാങ്കുകൾ പിടിച്ചെടുത്ത പണത്തിൽ വർദ്ധനയുണ്ടായി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ ധന സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച് കണക്കുകൾ വെളിപ്പെടുത്തിയത്.
റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് പിഴ വാങ്ങുന്നത്. പല ബാങ്കുകൾക്കും പല നിരക്കാണ്. സാധാരണ ബാങ്ക് ഇടപാടുകാർ തങ്ങളുടെ അക്കൗണ്ടുകളിൽ ഒരു തുക സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പല ബാങ്കുകളിൽ പല രീതിയിലാണ്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കോട്ടക് മഹീന്ദ്ര, ഇൻഡസ്ഇന്റ് എന്നീ ബാങ്കുകൾ അക്കൗണ്ടിൽ 10,000 രൂപ മിനിമം ബാലൻസ് വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.
എസ്.ബി.ഐ അഞ്ച് മുതൽ 15 രൂപവരെയാണ് പിഴ ഈടാക്കാറുളളത്. എച്ച്.ഡി.എഫ്.സിയിൽ 150 രൂപ മുതൽ 600 വരെയാണ് നഗര മേഖലകളില്‍ പിഴ. ഗ്രാമ പ്രദേശങ്ങളിൽ ഇത് 270 മുതൽ 450 വരെയുമാണ്. ഐ.സി.ഐ.സി.ഐയിൽ നൂറു രൂപയും എത്ര തുകയാണോ മിനിമം ബാലൻസിൽ കുറവ് അതിന്റെ അഞ്ച് ശതമാനവുമാണ് നഗരമേഖലകളിലെ പിഴ.
പൊതുമേഖലയിൽപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്കിന് ഇത് 2,000 രൂപയും എസ്.ബി.ഐക്ക് 3,000 രൂപയുമാണ്. എന്നാൽ, സ്വകാര്യ ബാങ്കുകളിൽ ഇത് കൂടുതലാണ്. എസ്.ബി.ഐ ഉൾപ്പെടെ 19 പൊതുമേഖലാ ബാങ്കുകൾ 6,155 കോടി രൂപയും നാല് പ്രമുഖ സ്വകാര്യ ബാങ്കുകൾ ചേർന്ന് 3,567 കോടിയാണ് നിക്ഷേപകർക്ക് പിഴ ചുമത്തി സമ്പാദിച്ചത്. 2017 ഏപ്രിലിൽ മിനിമം ബാലൻസില്ലാത്തവർക്ക് പിഴ ചുമത്തുന്ന സമ്പ്രദായം വീണ്ടും കൊണ്ടുവന്ന എസ്.ബി.ഐ, 2017-18 സാമ്പത്തിക വർഷം മാത്രം ഈയിനത്തിൽ 2,400 കോടി രൂപ ഈടാക്കി.