തിരുവനന്തപുരം: രാഖിമോളെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും വീട്ടിൽ നിന്ന് വിഷം കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഫുരിഡാന്റെ കുപ്പി കണ്ടെത്തിയത്. തന്റെ കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും അതിന് വേണ്ടിയാണ് വിഷം വാങ്ങിയതെന്നും അഖിൽ പറഞ്ഞു.
രാഖിയെ കൊലപ്പെടുത്തിയ ശേഷം അഖിൽ തിരിച്ച് പോയി. ആ സമയത്ത് സഹോദരൻ വീട്ടിൽ അസ്വസ്ഥനായിരുന്നു. ശേഷം ജൂലായ് 20ന് അഖിൽ വീട്ടിലെത്തി. തുടർന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പിന്നെ തീരുമാനം മാറ്റി തിരിച്ച് പോയി എന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞതായും സൂചനയുണ്ട്.
അതേസമയം വിഷം വാങ്ങിയത് രാഖിമോളെ കൊല്ലാനായിട്ടാണെന്ന സംശയം പൊലീസിനുള്ളതായിട്ടാണ് സൂചന. തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്ന് ഇന്നലെ ചോദ്യം ചെയ്യലിനിടെ അഖിൽ പൊലീസിനോടു പറഞ്ഞിരുന്നു. റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും സൈനികനുമായ അഖിൽ, സഹോദരൻ രാഹുൽ എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.