മുംബയ്: ബിഹാർ സ്വദേശിനിയായ ബാർ ഡാൻസർ നൽകിയ പീഡന പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരി ഡി.എൻ.എ പരിശോധനയ്‌ക്കായി തന്റെ രക്തസാമ്പിളുകൾ നൽകി.കലീനയിലെ ഫോറൻസിക് ലാബിലാണ് ബിനോയ് തന്റെ രക്തസാമ്പിളുകൾ നൽകിയത്. പരിശോധനയുടെ ഫലം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഓഷിവാര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിൽ ഇന്നലെ കോടതി ഡി.എൻ.എ പരിശോധനയ്‌ക്കായി രക്തസാമ്പിളുകൾ നൽകണമെന്ന് ഉത്തരവിട്ടിരുന്നു.
കേസിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്നായിരുന്നു പൊലീസിന്റെ വാദം. ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാകാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രക്തസാമ്പിൾ നൽകാൻ ബിനോയ് വിസമ്മതിച്ചെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിൾ നൽകാനും രണ്ടാഴ്ചയ്ക്കുള്ളിൽ ഡി.എൻ.എ പരിശോധനാഫലം ഹാജരാക്കാനും കോടതി നിർദ്ദേശിച്ചത്.നേരത്തേ രക്തസാമ്പിൾ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയിൽ ഹർജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എൻ.എ പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.