wine

വെെൻ രുചിയറിഞ്ഞ് മുന്തിരി തോട്ടങ്ങളിലൂടെ യാത്ര പോയിട്ടുണ്ടോ? മുന്തിരിച്ചാറുനുണയാൻ പറ്റിയ ഒരിടമുണ്ട് ഇന്ത്യയിൽത്തന്നെ. മുന്തിരി കൃഷിയുടേയും നിരവധി വെെൻയാർഡുകളുടെ സാന്നിദ്ധ്യവുമാണ് ഇവിടം. ഇന്ത്യയുടെ വെെൻ ക്യാപിറ്റൽ. എവിടെയാണെന്നല്ലേ?​ മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഈ മുന്തിരിത്തോട്ടം. സുല വെെൻയാർഡ്,​ സോമ വെെൻ വില്ലേജ്,​ യോർക്ക് വെെനറി,​ ഗോവർ സാമ്പ് തുടങ്ങിയ നിരവധി വെെൻ ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടിവിടെ.

1997ലാണ് സുലയിൽ വൈൻ നിർമാണം ആരംഭിച്ചത്. ഇവിടുത്തെ വെെനിന് പ്രത്യേക ടേസ്റ്റാണ്. ഇന്ത്യയ്ക്കകത്തും പുറത്തും സുലയിലെ മുന്തിരിചാറിനു ആരാധകരേറെയാണ്. മക്ക എന്നൊരു പേരുകൂടി സുലയ്‌ക്കുണ്ട്. പതിനായിരക്കണക്കിന് ആളുകൾ വൈൻ ഫെസ്റ്റിൽ പങ്കെടുക്കാൻ സുലയിലെത്താറുണ്ട്. ഇന്ത്യയിലെ അതിപ്രശസ്തമായ വൈൻ കാർണിവൽ എന്നും ഇവിടം അറിയപ്പെടുന്നു. അതിഥികൾക്കായി അത്യാഢംബര സൗകര്യങ്ങളെല്ലാമുള്ള ബംഗ്ലാവും ഇറ്റാലിയൻ റെസ്റ്റോറന്റുമടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകാറുണ്ട്.

wine-place

മഹാരാഷ്ട്രയിൽ തന്നെ വൈൻ ടൂർ നടത്താൻ ഏറ്റവുമുചിതമായ മറ്റൊരിടമാണ് ചാറ്റൗ ഇൻഡേജ്‌ എസ്റ്റേറ്റ്. പൂനെയിൽ നിന്നും 85 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. റെഡ്, വൈറ്റ്, സ്പാർക്കിളിംഗ് എന്നിങ്ങനെ വൈനുകൾ ഇവിടെ ലഭ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചാന്റില്ലി വൈൻ ലഭിക്കുന്ന ഒരിടം കൂടിയാണിവിടം. വ്യത്യസ്ത രുചികളിലുള്ള 32 തരം വൈനുകൾ ലഭിക്കുന്നയിടം എന്ന പ്രത്യേകത കൂടി ഈ മുന്തിരിത്തോട്ടത്തിനുണ്ട്.

വൈനിന്റെ രുചിയറിയുന്നതിനൊപ്പം കാഴ്ചകൾ കൊണ്ടുകൂടി ആനന്ദിപ്പിക്കുന്ന മുന്തിരിത്തോട്ടമാണ് ചാറ്റൗ ഡി ഒറി. ഇരുന്നൂറു ഏക്കറിലാണ് ഈ മുന്തിരിത്തോപ്പ് സ്ഥിതി ചെയ്യുന്നത്. കൃത്രിമമായി നിർമിച്ച മൂന്നു തടാകങ്ങളും അവയിലുള്ള ബോട്ടിംഗും ജലവിനോദങ്ങളും ആഡംബരം നിറഞ്ഞ ഫാംഹൗസും നീന്തൽ കുളങ്ങളും വൈൻ നുണയാനുള്ള ലോഞ്ചുകളുമൊക്കെ ഇവിടുത്തെ സവിശേഷതകളാണ്. വ്യത്യസ്ത തരത്തിലുള്ള നിരവധി വൈനുകൾ ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.

wine-place

പൂനെയിൽ നിന്ന് 200 കിലോമീറ്റർ യാത്ര ചെയ്താൽ നാസിക്കിൽ എത്തിച്ചേരാം. ഇവയ്ക്കൊക്കെ പുറമെ ഹിന്ദുക്കൾ പുണ്യനദിയായി കരുതുന്ന ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നാസിക്കിൽ നിരവധി സ്നാനഘട്ടങ്ങളും ക്ഷേത്രങ്ങളും കാണാം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന 'മഹാകുംഭമേള'യുടെ വേദിയും നാസിക്കാണ്. തപോവനം, ഗംഗാപൂർ ജലപാതം, ലക്ഷ്മണഗുഹകൾ, ജൈന-ബുദ്ധ ഗുഹകൾ, ത്രയമ്പകേശ്വർ എന്നിവ നാസിക്കിന് സമീപമുള്ള മുഖ്യതീർഥാടന-വിനോദ സഞ്ചാര കേന്ദ്രങ്ങളാകുന്നു.