ന്യൂഡൽഹി: പീഡന പരാതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയതായി കാട്ടി ഈ മാസം 12ന് ഉന്നാവോയിലെ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചെന്ന് വെളിപ്പെടുത്തൽ. തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി ചീഫ് ജസ്‌റ്റിസിന് കത്തെഴുതിയെങ്കിലും ഇക്കാര്യത്തിൽ കോടതി നടപടി എടുക്കാൻ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്കും കുടുംബത്തിനും വേണ്ട സംരക്ഷണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അപകടത്തിന് തൊട്ടുമുമ്പ് സുരക്ഷ പിൻവലിച്ചതായി ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലും.അതേസമയം, രണ്ടു വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന കുൽദീപിനെ ബി.ജെ.പിയിൽ നിന്നും പുറത്താക്കി.
സംഭവത്തിൽ കുൽദീപിന്റെ സഹോദരൻ മനോജ് സിംഗ് സെൻഗാറിനും മറ്റ് എട്ടുപേർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വർഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ് കുൽദീപും സഹോദരനും. അപകടത്തിൽ കുൽദീപിനു പങ്കുണ്ടെന്നും പെൺകുട്ടിയെ അപായപ്പെടുത്താൻ ജയിലിൽ വച്ച് ഇവർ ഗൂഢാലോചന നടത്തിയെന്നും ഇരയുടെ അമ്മ ആരോപിച്ചിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ പീഡന കേസിലെ പ്രധാന സാക്ഷിയാണ്. കാറോടിച്ചിരുന്നത് പെൺകുട്ടിയുടെ അഭിഭാഷകനാണ്. ഇയാൾക്കും പരിക്കുണ്ട്.
പരിക്കേറ്റ പെൺകുട്ടി ലക്‌നൗ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കൈകാലുകൾ, കഴുത്ത്, വാരിയെല്ല് എന്നിവിടങ്ങളിൽ ഗുരുതരമായ പൊട്ടലുകളുണ്ടെന്നും എന്നാൽ അതീവ അപകടനില തരണം ചെയ്‌തെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ഡോക്‌ടർമാരുടെ വിവരം.
അതിനിടെ, ഉന്നാവോ അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ പാർട്ടികൾ ബഹളം വച്ചു. കോൺഗ്രസ് എം.പി. അധീർ രഞ്ജൻ ചൗധരിയാണ് സംഭവത്തിൽ അമിത് ഷായിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരമ്രേയത്തിന് നോട്ടീസ് നൽകിയില്ലെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. ഉന്നാവോ അപകടം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും സംഭവത്തിൽ സി.ബി.ഐ. അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി സഭയിൽ മറുപടി നൽകി. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷപാതമില്ലാത്ത അന്വേഷണമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.