മസൂദ് അസർ എവിടെ?
പാക് ഭീകരതയ്‌ക്ക് എതിരെ അന്താരാഷ്ട്ര വേദികളിൽ നിരന്തരം പോരാട്ടം നടത്തുന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്കു മുന്നിലെ ഏറ്റവും വിലയുള്ള ചോദ്യം. യഥാർത്ഥത്തിൽ, ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ ബാലക്കോട്ട് ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ട് 2019 ഫെബ്രുവരി 26 പുലർച്ചെ ഇന്ത്യൻ സേനാവിമാനങ്ങൾ മിന്നലാക്രമണം നടത്തിയപ്പോൾ രഹസ്യ ടാർജറ്റ് മസൂദ് അസർ ആയിരുന്നു. അസർ ബാലക്കോട്ട് ക്യാമ്പിലുണ്ടെന്നു തന്നെ ഇന്ത്യ വിശ്വസിച്ചു.
ഫെബ്രുവരി 14 നുണ്ടായ പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ബാലക്കോട്ട് സർജിക്കൽ സ്‌ട്രൈക്ക്. പക്ഷേ, ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദ് നടത്തിയ എല്ലാ ഭീകരാക്രമണങ്ങൾക്കും പിന്നിലെ രാക്ഷസ ശിരസായ മസൂദ് അസറിനു പകരം അന്ന് കൊല്ലപ്പെട്ടത്, അയാളുടെ സഹോദരീ ഭർത്താവായ യൂസഫ് അസർ. മസൂദ് അസറിനെ കാശ്‌മീർ ജയിലിൽ നിന്ന് പുറത്തെത്തിക്കാനുള്ള പദ്ധതികൾ ഒന്നൊന്നായി പരാജയപ്പെട്ടപ്പോൾ വിമാനറാഞ്ചൽ പദ്ധതി ആസൂത്രണം ചെയ്തതിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു യൂസഫ് അസർ. യൂസഫ് അസർ കൊല്ലപ്പെട്ടപ്പോൾ മസൂദ് അസറിന്റെ വലംകൈയറ്റു എന്ന് ഇന്ത്യ കണക്കുകൂട്ടി.
ഒരു കാര്യം ഇന്ത്യ അറിഞ്ഞില്ല. പുൽവാമ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ മസൂദ് അസറിനെ പാകിസ്ഥാൻ ബഹാവൽപൂരിലേക്ക് മാറ്റിയിരുന്നു! മസൂദ് അസറിന്റെ ജന്മനാട് ! ചരിത്രസ്‌മാരകങ്ങൾ നിറഞ്ഞ പുരാതന നഗരത്തിനു മീതെ ഒരു വ്യോമാക്രമണം ഇന്ത്യയ്‌ക്കു സാദ്ധ്യമല്ല. ബാലക്കോട്ട് ഭീകര ക്യാമ്പുകളിൽ ഇന്ത്യയുടെ മിന്നലാക്രമണം നടക്കുന്നതിന് വെറും നാലുദിവസം മുമ്പ്, ഫെബ്രുവരി 22 ന് പഞ്ചാബ് പ്രവിശ്യാ സർക്കാർ ഒരു അടിയന്തര ഉത്തരവിറക്കി: ബഹാവൽപൂരിലെ പ്രശസ്‌തമായ ജമാ ഇ മസ്ജിദ് സുബഹനള്ള പള്ളിയുടെയും, അതുൾക്കൊള്ളുന്ന മദ്രസ്സുൾ സാബിർ സമുച്ചയത്തിന്റെയും പരിപൂർണ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരിക്കുന്നു. ഇവിടത്തെ ഭരണകാര്യങ്ങൾക്കായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച കാര്യവും പാക് വാർത്താവിനിമയ മന്ത്രി വെളിപ്പെടുത്തി!
മസൂദ് അസറിന്റെ രഹസ്യതാവളമെന്ന് ലോകരാജ്യങ്ങൾ വാർത്തയെഴുതിയപ്പോൾ പാകിസ്ഥാൻ കാട്ടിയ തന്ത്രം! ഒരു സംഘം പ്രാദേശിക പത്രലേഖകരെ സൈനിക വാഹനത്തിൽ കയറ്റി ബഹാവൽപൂരിലെത്തിച്ച് അവിടം മതപഠനകേന്ദ്രം മാത്രമാണെന്നു കാണിച്ചു കൊടുക്കുകയായിരുന്നു. കിലോമീറ്ററുകൾ ദൂരത്തിൽ ഭൂഗർഭ തുരങ്കങ്ങളുണ്ടെന്ന് അമേരിക്ക ആരോപിക്കുന്ന ബഹാവൽപൂരിന്റെ ദുരൂഹപ്രകൃതിയിൽ, ഭൂഗർഭത്തിലെ ഭീകരസങ്കേതങ്ങളിലൊന്നിൽ മസദ് അസറിന് എത്രയെങ്കിലും ഒളിയിടമുണ്ടാക്കാം. മസൂദ് അസറിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം കൈമലർത്തുന്ന പാകിസ്ഥാന്റെ പെരുംനുണകൾക്കിടയിൽ മറച്ചുവയ്‌ക്കാനാകാത്ത ഒരു വിവരമുണ്ട്. ബഹാവൽപൂരിലെ ജമാ ഇ മസ്ജിദ് സുബഹനള്ള പള്ളിയിൽ നിന്ന് പാക് സൈന്യത്തിന്റെ 31 കോർ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വെറും എട്ടു കിലോമീറ്റർ ദൂരം. പള്ളിയിൽ നിന്ന് ദേശീയപാതയിലെത്താൻ വളരെ എളുപ്പവും!
ബാലക്കോട്ട് ആക്രമണം മുൻകൂട്ടിക്കണ്ട പാകിസ്ഥാൻ, കടുത്ത വൃക്കരോഗത്തിന് ഡയാലിസിസ് നടത്തുന്ന മസൂദ് അസറിനെ ബഹാവൽപൂരിലെ കോട്ടഘാനിയിലേക്കു മാറ്റിയത് പുൽവാമ ആക്രമണത്തിനു തൊട്ടു പിന്നാലെ, ഫെബ്രുവരി 17 നോ 18 നോ ആയിരിക്കാമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. അപകടം മണത്തറിഞ്ഞ് ഭീകരനേതാക്കളെ യഥാസമയം താവളങ്ങൾ മാറ്റുന്നതിന്റെ ചുമതല പാക് ചാരസംഘടനയായ ഐ.എസ്.ഐയ്‌ക്കാണ്. അവരുടെ ഏറ്റവും തന്ത്രപരമായ നീക്കങ്ങളിലൊന്നായിരുന്നു മസൂദ് അസറിന്റെ താവളം മാറ്റൽ.
അഞ്ചുവർഷം കാശ്‌മീർ തടവറയിലായിരുന്ന മസൂദ് അസറിനെ 1999ൽ കാണ്ഡഹാറിൽ വിട്ടയച്ചു കഴിഞ്ഞ് ഇന്ത്യ ഒരു കാര്യം ചെയ്തു. അസറിനെ എത്രയും വേഗം ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. ചൈനയുടെ സഹായത്തോടെ ഇന്ത്യയുടെ ആവശ്യത്തെ ലോക സമാധാന വേദികളിൽ ചെറുത്തു നിന്ന പാകിസ്ഥാന് തിരിച്ചടിയായി, ഒടുവിൽ മസൂദിനെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് കഷ്‌ടിച്ച് രണ്ടുമാസം മുമ്പ് , മേയ് ഒന്നിന്. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ, ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹാവൽപൂരിലെ പള്ളിയ്‌ക്കടിയിൽ നിന്ന് പാക് സൈനിക കേന്ദ്രത്തിലേക്ക് നീളുന്ന തുരങ്കങ്ങളിലൊന്നിൽ മസൂദ് അസർ സുരക്ഷിതൻ.
2002 ഫെബ്രുവരി 12.
ലാഹോർ, പാകിസ്ഥാൻ.
ഡാനിയൽ പേളിനെ കൊലപ്പെടുത്തിയ കേസിൽ അഹമ്മദ് ഒമർ സയ്യിദ് ഷെയ്ഖ് പിടിയിലായി. കോടതിയിൽ ഹാജരാക്കിയ സയ്യിദ് ഷെയ്ഖ് പറഞ്ഞത്, താൻ ഒരാഴ്ചയായി ഐ.എസ്.ഐയുടെ കസ്റ്റഡിയിലുണ്ടായിരുന്നു എന്നാണ്. ഡാനിയൽ പേളിനെ യഥാർത്ഥത്തിൽ തട്ടിക്കൊണ്ടുപോയെന്ന് സയ്യിദ് ഷെയ്ഖ് പറയുന്ന നാലുപേർ കൂടിയുണ്ടായിരുന്നു, പാക് ചാരസംഘടനയുടെ തടങ്കലിൽ. കോടതിയിൽ ഹാജരാക്കപ്പെട്ടത് ഷെയ്ഖ് മാത്രം. കറാച്ചിയിലെ ഭീകരവിരുദ്ധ കോടതി വിധിച്ചത് വധശിക്ഷ.
സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജയിലിൽ അടയ്‌ക്കപ്പെട്ട ഷെയ്ഖിനെക്കുറിച്ച് പിന്നീട് വാർത്ത വരുന്നത് 2014 ഫെബ്രുവരിയിലാണ് . ജയിലിൽ സയ്യിദ് ഷെയ്ഖ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ബ്രിട്ടന്റെയും പാകിസ്ഥാന്റെയും ഡബിൾ ഏജന്റ് എന്നു മുദ്ര ചാർത്തപ്പെട്ട സയ്യിദ് ഷെയ്ഖിനെക്കുറിച്ച് പിന്നീട് ഇതുവരെ വാർത്തയൊന്നുമില്ല. ഡാനിയൽ പേളിന്റെ കൊലയാളിയായി കോടതി രേഖകളിലുള്ള ഒമറിന്റെ മൊഴി പക്ഷേ ഇങ്ങനെയായിരുന്നു: അതിൽ എനിക്കു പങ്കില്ല. എങ്കിലും, അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നു തന്നെയാണ് എനിക്കു തോന്നുന്നത് !
ജമ്മു കാശ്മീർ വിമോചന മുന്നണി (ജെ.കെ.എൽ.എഫ്) കമാൻഡർ ഇൻ ചീഫ് അഷ്ഫാഖ് മജീദ് വാനി 1990 മാർച്ചിൽ ശ്രീനഗറിൽ ഇന്ത്യൻ ഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമ്പോൾ 23 വയസേ ഉണ്ടായിരുന്നുള്ളൂ. വാനിയുടെ മരണശേഷം ജെ.കെ.എൽ.എഫ് ഭീകരർ പരസ്‌പരം ചിതറി വ്യത്യസ്‌ത ഭീകരസംഘടനകൾക്കു തുടക്കമിട്ടു. അക്കൂട്ടത്തിൽ മുഷ്‌താഖ് അഹമ്മദ് സർഗാരിന്റെ
അൽ ഉമർ മുജാഹിദീൻ.
ഒരുപാടു പേർ മറന്നുപോയൊരു പഴയ കഥയുണ്ട്. 1989 - 90 ൽ വി.പി.സിംഗ് പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയായ മുഫ്‌തി മുഹമ്മദ് സെയ്ദിന്റെ മകൾ റുബയ്യയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ജെ.കെ.എൽ.എഫ് ഭീകരസംഘത്തിൽ മുഷ്‌താഖ് അഹമ്മദ് സർഗാരുമുണ്ടായിരുന്നു. റുബയ്യയുടെ മോചനത്തിന് പകരമായി ഭീകരർ ആവശ്യപ്പെട്ട് അന്ന് ഇന്ത്യൻ ജയിലുകളിലുണ്ടായിരുന്ന അഞ്ചു ഭീകരരുടെ മോചനം. ഇന്ത്യ അന്നും നിശബ്‌ദം സമ്മതിച്ചു.
ശ്രീനഗർ ആയിരുന്നു സർഗാറിന്റെ ഇഷ്ടഭൂമി. മുപ്പത്തിയഞ്ചോളം കൊലക്കേസുകളിൽ പ്രതിയായ സർഗാർ 1992 മേയിൽ ശ്രീനഗറിൽ അറസ്റ്റിലായി. കാണ്ടഹാർ കഥയുടെ ക്ളൈമാക്‌സിൽ മസൂദ് അസറിനൊപ്പം മോചിതനായ സർഗാർ ദിവസങ്ങൾക്കകം പാകിസ്ഥാനിലെ മുസാഫറാബാദിൽ അൽ ഉമർ മുജാഹിദീന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചു.
സർഗാറിനെക്കുറിച്ച് ഏറ്റവും അവസാനം വാർത്തകൾ വന്നിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ. 2019 ജൂൺ 12 ന് ദക്ഷിണ കാശ്‌മീരിലെ അനന്ത്നാഗിൽ സി.ആർ.പി.എഫ് പട്രോൾ സംഘത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു ഭടന്മാർ കൊല്ലപ്പെട്ടിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്തത് അൽ ഉമർ മുജാഹിദീൻ.
ഒരാഴ്‌ച കഴിഞ്ഞ് ഇന്റലിജൻസ് ഏജൻസികൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഒരു രഹസ്യ റിപ്പോർട്ട് നൽകി: അൽ ഉമർ മുജാഹിദീനിന് ഇത്തരം ആക്രമണം നടത്താനുള്ള ആയുധശേഷിയില്ല. അനന്ത്നാഗ് ആക്രമണ പദ്ധതിയുടെ ബ്ളൂപ്രിന്റും ആയുധങ്ങളും എത്തിയത് മറ്റൊരാളിൽ നിന്നാണ്: മസൂദ് അസർ !
(അവസാനിച്ചു )
ലേഖകന്റെ ഫോൺ : 99461 08237)