മുംബയ്: മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ നാല് കോൺഗ്രസ്, എൻ.സി.പി എം.എൽ.എമാർ രാജിവച്ചു. ഇവർ ഇന്ന് ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എൻ.സി.പിയുടെ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോൺഗ്രസിലെ കാളിദാസ് കൊലാംകർ എന്നിവരാണ് സ്പീക്കർക്ക് രാജി സമർപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെയാണ് ഈ അപ്രതീക്ഷിത രാഷ്ട്രീയനീക്കം. അതേസമയം, സംസ്ഥാനത്ത് 288ൽ 220 സീറ്റും നേടി അധികാരത്തിലെത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
മണ്ഡലത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് ശിവേന്ദ്രസിംഹരാജെ ഭോസലെ രാജിക്കുശേഷം പ്രതികരിച്ചു. സതാരെ എം.പിയും എൻ.സി.പി നേതാവുമായ ഉദയൻരാജെ ഭോസലെയുടെ അടുത്ത ബന്ധു കൂടിയാണ് ഇദ്ദേഹം. മുൻ എൻ.സി.പി മന്ത്രി മധുകർ പിചാഡിന്റെ മകനാണ് വൈഭവ് പിചഡ്. മുംബയിൽനിന്ന് ഏഴുതവണ എം.എൽ.എയായ ആളാണ് കാളിദാസ് കൊലാംകർ.