unnavo

ലക്‌നൗ: ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെൺകുട്ടിക്കും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിൽ ദുരൂഹതകൾ വർദ്ധിക്കുന്നതിനിടെ,​ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ സുപ്രീംകോടതിക്ക് അയച്ച കത്ത് പുറത്ത്.

കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ആളുകൾ,​ കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കള്ളക്കേസിൽ ജയിലിലാക്കുമെന്ന് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെൺകുട്ടിയുടെ അമ്മ,​ സഹോദരി,​ അമ്മായി എന്നിവർ ഈ മാസം 12 നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് കത്തയച്ചത്. ഈ മാസം 7,​ 8 തീയതികളിലുണ്ടായ രണ്ട് സംഭവങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്. കുൽദീപിന്റെ സഹോദരൻ മനോജ് സിംഗും കൂട്ടാളി ശശി സിംഗും ഉൾപ്പെടെയുള്ളവർ വീട്ടിലെത്തിയെന്നും കേസ് പിൻവലിച്ചില്ലെങ്കിൽ,​ ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നുണ്ട്. ഭീഷണിയെത്തുടർന്ന് നടപടിയാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ,​ യു.പി പൊലീസിനെയും സമീപിച്ചിരുന്നു. അതേസമയം,​ കത്തയച്ച് ദിവസങ്ങൾക്കുള്ളിലാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം റായ്ബറേലിയിൽ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽ പെടുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

2017ൽ ജോലിയന്വേഷിച്ച് വീട്ടിലെത്തിയ തന്നെ മാനഭംഗപ്പെടുത്തിയെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്ത കുൽദീപ് സിംഗ് സെൻഗാർ ഒരുവർഷമായി ജയിലിലാണ്. ജയിലിൽ ഇരുന്ന് പുറത്തുള്ള സ്വാധീനമുപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. കുൽദീപിനെതിരെ നടപടിയെടുക്കാതെ വന്നതോടെ,​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ സ്വയം തീ കൊളുത്തിയതോടെയാണ് പൊലീസ് കേസ് ഗൗരവമായെടുത്തത്. തൊട്ടുപിന്നാലെ കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല,​ കേസിലെ പ്രധാന സാക്ഷി മുഹമ്മദ് യൂനുസും ദിവസങ്ങൾക്കു ശേഷം കൊല്ലപ്പെട്ടു. അതേസമയം, മാനഭംഗത്തിനിരയായ പെൺകുട്ടിക്കും കുടുംബത്തിനും സംഭവിച്ച അപകടത്തിലും കുൽദീപിനെതിരെ കേസെടുത്തു.

 കുൽദീപിനെ നേരത്തെ തന്നെ പുറത്താക്കിയെന്ന്
ഉന്നാവോ മാനഭംഗക്കേസിലെ പ്രതി ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറെ പാർട്ടിയിൽ നിന്ന് നേരത്തേ തന്നെ പുറത്താക്കിയതാണെന്നും ഇപ്പോഴും അതിന് മാറ്റമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഉന്നാവോ കേസിലെ പരാതിക്കാരിക്കൊപ്പം നിൽക്കും.

 ''കുൽദീപ് സെൻഗാറിനെപ്പോലുള്ളവർക്ക് രാഷ്ട്രീയ അധികാരവും സംരക്ഷണവും നൽകുന്നത് എന്തിനാണ്? അതേസമയം ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയാകട്ടെ ഒറ്റയ്ക്ക് കടുത്ത ദുരിതങ്ങൾക്കിരയാകുകയും ചെയ്യുന്നു. പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ഭീഷണിയുണ്ടായിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ആസൂത്രിതമായി നടപ്പാക്കിയ അപകടമാകാനുള്ള സാദ്ധ്യതയും ഇതിൽ വ്യക്തമാണ്. ദൈവത്തെയോർത്ത് ഇനിയെങ്കിലും ഈ ക്രിമിനലിനും അയാളുടെ സഹോദരനും നൽകുന്ന രാഷ്ട്രീയ സംരക്ഷണം നിറുത്തണം."- പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്

 ചെലവ് വഹിക്കും

പരാതിക്കാരിയായ പെൺകുട്ടിയുടെ ചികിത്സാ ചെലവ് യു.പി സർക്കാർ വഹിക്കുമെന്ന് യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ദിനേശ് ശർമ, കിംഗ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെത്തി സന്ദർശിച്ചു. പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ നൽകിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 ഉന്നാവ്: ലോക്സഭയിൽ പ്രതിപക്ഷ ബഹളം

ട്രക്ക് എസ്.പി പ്രവർത്തകന്റേതെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ഉന്നാവ് പീഡന കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച കാർ ദുരൂഹസാഹചര്യത്തിൽ അപകടത്തിൽപ്പെട്ട സംഭവം ഉന്നയിച്ച് ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മുദ്രാവാക്യം വിളികളോടെ രാവിലെ 40 മിനുട്ടോളം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. രാവിലെ സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിഷയം ഉയർത്തി. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ബി.എസ്.പി തുടങ്ങിയ പാർട്ടികളും പിന്തുണയുമായെത്തി. ഉപഭോക്തൃ സംരക്ഷണ നിയമം കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അവതരിപ്പിക്കുന്നത് പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി അംഗങ്ങൾ വാക്കൗട്ടും നടത്തി. ഉന്നാവോ സംഭവം നാണക്കേടുണ്ടാക്കിയെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. പരിഷ്കൃത സമൂഹത്തിന് കളങ്കമാണ്. ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്നും ഇരയുടെ കുടുംബത്തിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രപാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറ‌ഞ്ഞു. കാറിലിടിച്ച ട്രക്ക് സമാജ്‌വാദി പാർട്ടി പ്രവർത്തകൻറേതാണെന്ന് കേന്ദ്രഗ്രാമവികസന സഹമന്ത്രി സാധ്‌വി നിരഞ്ജൻ ജ്യോതി ആരോപിച്ചു. കോൺഗ്രസ് ബി.ജെ.പിയെ കരിവാരിതേക്കാൻ ശ്രമിക്കുകയാണെന്നും ട്രക്ക് സമാജ്‌വാദി നേതാവിന്റേതാണെന്നും ബി.ജെ.പി അംഗം ജഗദംബികപാൽ കുറ്റപ്പെടുത്തി. സഭ തുടങ്ങും മുൻപ് തന്നെ എസ്.പി, തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി. തിങ്കളാഴ്ച രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു.