ccd-owner

ബംഗളൂരു: ഇന്ത്യയുടെ കോഫി രാജാവും പ്രശസ്‌തമായ 'കഫെ കോഫി ഡേ' ശൃംഖലയുടെ സ്ഥാപകനുമായ വി.ജി. സിദ്ധാർത്ഥയെ തിങ്കളാഴ്‌ച മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തിൽ നിന്ന് കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയും ആദായനികുതി വകുപ്പിന്റെ പീഡനവും സൂചിപ്പിക്കുന്ന കത്ത് എഴുതിവച്ചിട്ടാണ് സിദ്ധാർത്ഥ ബംഗളൂരുവിലെ വീട്ടിൽ നിന്ന് പോയത്.

ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണയുടെ മൂത്തമകൾ മാളവികയാണ് സിദ്ധാർത്ഥയുടെ ഭാര്യ. ഇവർക്ക് രണ്ട് ആൺമക്കളാണ്.

പാലത്തിൽ നിന്ന് നദിയിലേക്ക് ഒരാൾ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസിൽ ഫോൺ ചെയ്‌ത് അറിയിച്ചിരുന്നു. അയാൾ വള്ളവുമായി അടുത്തെത്തിയപ്പോഴേക്കും വീണ ആൾ ശക്തമായ ഒഴുക്കിൽ പെട്ടിരുന്നു. അതിന് പിന്നാലെ, സിദ്ധാർത്ഥയെ പാലത്തിൽ നിന്ന് കാണാതായെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറുടെ ഫോൺ കാളും പൊലീസിന് ലഭിച്ചു. മത്സ്യത്തൊഴിലാളി നൽകിയ വിവരമനുസരിച്ച് പാലത്തിന്റെ എട്ടാം നമ്പർ തൂണിന് സമീപം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ബംഗളൂരുവിൽ നിന്ന് 375 കിലോമീറ്റർ അകലെയാണ് മംഗലാപുരം. നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനടുത്ത് വച്ച് സിദ്ധാർത്ഥ കാറിൽ നിന്ന് ഇറങ്ങി പോയെന്നാണ് ഡ്രൈവർ അറിയിച്ചത്. ഒരു മണിക്കൂർ കാത്തിരുന്നിട്ടും വരാതിരുന്നപ്പോൾ ഡ്രൈവർ പരിസരത്തൊക്കെ തിരക്കിയ ശേഷം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നദിയിൽ ബോട്ടുകളുപയോഗിച്ച് തെരച്ചിൽ നടത്തുകയാണ്.

സിദ്ധാർത്ഥയുടെ തിരോധാനം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് കൃഷ്ണയുടെ ബംഗളൂരുവിലെ വസതിയിൽ എത്തുന്നത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, ബി.എസ്. ശങ്കർ തുടങ്ങിയവരും എത്തി. സിദ്ധാർത്ഥയുടെ രോഗബാധിതനായ പിതാവ് മൈസൂരുവിലെ ആശുപത്രിയിലാണ്.

30,000 ജീവനക്കാർ,

10,000 കോടി ആസ്‌തി

മുപ്പതിനായിരത്തിലേറെ ജീവനക്കാരുള്ള 'കഫെ കോഫി ഡേ' ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയാണ്. അതിന്റെ ഓഫീസുകളിൽ 2017 സെപ്തംബറിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനി കൊക്ക കോളയ്‌ക്ക് വിൽക്കാൻ ചർച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കമ്പനിക്ക് പതിനായിരം കോടി രൂപയുടെ ആസ്‌തിയാണ് കണക്കാക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റ കാപ്പിത്തോട്ടത്തിന്റെ ഉടമയായ സിദ്ധാർത്ഥ രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരിൽ പ്രമുഖനാണ്.

സിദ്ധാർത്ഥയുടെ കുടുംബം 130 വർഷത്തോളമായി കാപ്പിക്കുരു വ്യവസായികളാണ്. കൺസൾട്ടൻസി സ്ഥാപനമായ മൈൻഡ് ട്രീയിൽ നിക്ഷേപമുണ്ട്. അതിന്റെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടർ കൂടിയായ സിദ്ധാർത്ഥ, സെവൻ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാദ എന്നിവയുടെ സ്ഥാപകനുമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൈൻഡ് ട്രീയിലെ ഓഹരികൾ 3,200 കോടി രൂപയ്‌ക്ക് വിറ്റിരുന്നു.

1996 ൽ ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് അദ്ദേഹം ആദ്യമായി കഫെ കോഫി ഡേ എന്ന സ്ഥാപനം തുടങ്ങിയത്. അതിവേഗം രാജ്യമെമ്പാടും വ്യാപിച്ചു. വിദേശത്തേക്കും പടർന്ന കഫെ കോഫി ഡേ ശൃംഖല ഇന്ന് അന്താരാഷ്‌ട്ര ബ്രാൻഡ് നാമമാണ്.