ശ്രീനഗർ: ജമ്മുവിലെ രജൗറിയിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. രജൗറിയിലെ സുന്ദർബനി മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന വെടിവയ്പിൽ നായിക് കൃഷ്ണൻ ലാലാണ് കൊല്ലപ്പെട്ടത്. തങ്ധർ, കേരൻ മേഖലകളിലും പാകിസ്ഥാൻ വെടിനിറുത്തൽ ലംഘിച്ചിരുന്നു. അതേസമയം, ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോർട്ടാർ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. താങ്ധർ സെക്ടറിൽ ആർട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പരം നടക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയും പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചിരുന്നു. അന്ന് പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ 15 ദിവസം പ്രായമുള്ള ആൺകുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. കാശ്മീരിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഒരാഴ്ചയായി വർദ്ധിച്ചതായാണ് റിപ്പോർട്ട്.