മുംബയ്: ഡി.എൻ.എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകി. ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിൽ ശേഖരിച്ച രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഡി.എൻ.എ പരിശോധനാ ഫലം പുറത്തുവന്നാൽ എല്ലാ സത്യവും തെളിയുമെന്നും അതോടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും ബിനോയ് കോടിയേരി രക്തസാമ്പിൾ നൽകിയതിന് ശേഷം മുംബയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബീഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് ബിനോയ് കോടിയേരിയുടെ രക്തസാമ്പിൾ ശേഖരിക്കുന്നത്. പരാതിക്കാരിയുടെയും കുട്ടിയുടെയും രക്തസാമ്പിളുകളും ഇനി പരിശോധനയ്ക്കായി ശേഖരിക്കും. രഹസ്യ രേഖ എന്ന നിലയിൽ മുദ്ര വെച്ച കവറിൽ ഫലം രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറുമെന്ന് മുംബയ് പൊലീസ് അറിയിച്ചു. ഡി.എൻ.എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജിയിൽ കോടതി അന്തിമ തീരുമാനം എടുക്കുക.
നേരത്തേ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ഓഷ്‌വാര പൊലീസ് സ്റ്റേഷന് സമീപത്തെ ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം മൂലം ഇന്നലെ ഉച്ചയോടെ, ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിൽ എത്താൻ ബിനോയിയോട് നിർദേശിക്കുകയായിരുന്നു. രാവിലെ ഓഷ്‌വാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു. ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥരും ബിനോയിയോടൊപ്പം ഒപ്പമുണ്ടായിരുന്നു.