kaumudy-news-headlines

1. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ആയി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കി. മുംബയ് ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ വച്ചാണ് സാമ്പിള്‍ ശേഖരിച്ചത്. രക്തസാമ്പിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ചയ്ക്ക് ഉള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്. ഇന്ന് തന്നെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബിനോയിയോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു


2. മുംബയ് ഓഷിവാര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഉത്തരവ്. ഡി.എന്‍.എ പരിശോധനയിലൂടെ സത്യം തെളിയും എന്ന് ബിനോയ് കോടിയേരി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് ആയും ബിനോയ്
3. ഉന്നാവ പീഡന കേസ് പ്രതിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി. ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ നടപടി, കേസ് പിന്‍വലിക്കാന്‍ കുല്‍ദീപ് സിംഗിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ. കേസ് പിന്‍വലിച്ചില്ല എങ്കില്‍ കുടുംബത്തെ ഇല്ലായ്മ ചെയ്യും എന്നായിരുന്നു കത്തിലെ പരാമര്‍ശം
4. അതിനിടെ, പീഡന കേസിലെ മുഖ്യപ്രതികളെ ബി.ജെ.പി സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. കുല്‍ദീപ് സിംഗ് സെന്‍ഗാറിനും സഹോദരനും രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് ബി.ജെ.പി അവസാനിപ്പിക്കണം എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്ത് എത്തി. സംഭവത്തില്‍ ആഭ്യന്തര മന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു
5. ആലത്തൂര്‍ എസ്.എന്‍ കോളേജില്‍ 1990-93 ബാച്ചില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമം സംഘടിപ്പിച്ചു. റോയല്‍ ബികോം സ്‌നേഹസംഗമം എന്ന പേരിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്. 30ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കൂട്ടായ്മയില്‍ പങ്കെടുത്തവരിലെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
6. നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന് കോടതി വിധിയ്ക്ക് എതിരെ മരട് നഗരസഭാ ഓഫീസിന് മുന്നില്‍ സിനിമാ താരം സൗബിന്‍ ഷാഹിര്‍. സെബാസ്റ്റ്യന്‍ പോള്‍, കെ ബാബു, തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഞ്ചെര്‍സ് എന്നീ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണം എന്ന് കോടതി ഉത്തരവ് ഇട്ടിരുന്നു. അതെസമയം ഫ്ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുന്‍സിപ്പാലിറ്റി ആണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
7. സെക്രട്ടേറിയേറ്റില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ അലസതയ്ക്കും അലംഭാവത്തിനും കൂച്ചുവിലങ്ങിടും. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നതില്‍ ഒരു വിഭാഗം ജോലിയില്‍ വരുത്തുന്ന വീഴ്ചയാണ് ഫയലുകള്‍ കെട്ടികിടക്കാന്‍ ഇടയാക്കുന്നത് എന്ന് കണ്ടെത്തലാണ് പുതിയ നിര്‍ദേശങ്ങള്‍ക്ക് കാരണം. ജീവനക്കാരുടെ ജോലി നിരീക്ഷിക്കാന്‍ പൊതുഭരണ വകുപ്പില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.
8. യൂണിവേഴ്സിറ്റി വധ ശ്രമ കേസ് പ്രതി ശിവരഞ്ജിത്തിന്റെ ഡിഗ്രി മാര്‍ക്കും പുനപരിശോധിക്കണം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനുള്ള അധികാരം ഗവര്‍ണര്‍ക്കും ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കും ഉണ്ട്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയത് തന്നെ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. രാജ്യത്ത് ജനങ്ങള്‍ക്ക് സാമാന്യനീതി കിട്ടാത്ത സംസ്ഥാനം ആയി മാറിക്കൊണ്ട് ഇരിക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു
9. റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കല്‍ വരുന്നു, ഒഴിവാക്കുക മൂന്നു ലക്ഷം പേരെ. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണം എന്നാണു മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്സനെല്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ജൂണ്‍ 20നു പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി. റെയില്‍വെ ബോര്‍ഡ് എല്ലാ സോണല്‍ മേധാവികള്‍ക്കും ജീവനക്കാരുടെ പ്രകടനത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
10. വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ ബൈജൂസിന്റ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപ കടന്നതോടെ ആണിത്. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയില്‍ 21 ശതമാനം ഓഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്
11. നെയ്മര്‍ക്ക് എതിരായ മാനഭംഗ ആരോപണം അന്വേഷണം തെളിവുകളുടെ അഭാവത്തില്‍ പൊലീസ് അവസാനിപ്പിച്ചു. സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്ജിയായിരിക്കും കൈക്കൊള്ളുക എന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കോപ്പാ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് നെയ്മറെ പ്രതിരോധത്തില്‍ ആക്കിയ ലൈംഗികാരോപണം പുറത്തുവന്നത്.
12. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം കഴിഞ്ഞു. ഗാനമേള പാട്ടുകാരന്‍ ആയ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാന ഗന്ധര്‍വ്വനില്‍ മകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്