ലക്‌നൗ: ഉന്നാവോ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിഷൽപ്പെട്ടത് ബി.ജെ.പി എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസിൽ നിന്ന് പിൻമാറണമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ദിവസങ്ങൾക്കുള്ളിൽ. എം.എൽ.എയ്ക്കെതിരെയുള്ള ബലാംത്സംഗക്കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കുടുംബത്തെ മുഴുവൻ കള്ളക്കേസിൽപ്പെടുത്തി ജയിലിലാക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായാണ് പെൺകുട്ടി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. തങ്ങളെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് കത്തിൽ പറയുന്നു.
ജൂലായ് 12നാണ് പെൺകുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. തൊട്ടടുത്ത ദിവസം അമ്മ പൊലീസിലും പരാതി നല്‍കിയിരുന്നു. അജ്ഞാതരായ ചിലർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ രണ്ട് സംഭവങ്ങൾ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രണ്ട് പരാതികളും നൽകി ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിൽ നമ്പർ പ്ലേറ്റ് മറച്ചുവെച്ച ലോറി ഇടിച്ചത്.
ജോലിയന്വേഷിച്ച് വീട്ടിലെത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ എം.എൽ.എ കുൽദീപ് സിംഗ് സേംഗറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ ഇരുന്ന് പുറത്തുള്ള സ്വാധീനമുപയോഗിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ രണ്ട് കുടുംബാംഗങ്ങൽ കൊല്ലപ്പെടുകയും അഭിഭാഷകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കുൽദീപിന്റെ സഹോദരൻ മനോജ് സിംഗ് സെൻഗാറിനും മറ്റ് എട്ടുപേർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വർഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ് കുൽദീപും സഹോദരനും. അപകടത്തിൽ കുൽദീപിനു പങ്കുണ്ടെന്നും പെൺകുട്ടിയെ അപായപ്പെടുത്താൻ ജയിലിൽ വച്ച് ഇവർ ഗൂഢാലോചന നടത്തിയെന്നും ഇരയുടെ അമ്മ ആരോപിച്ചിരുന്നു.