കലാലയ രാഷ്ട്രീയം ഇന്ന് കലാപരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിലൂടെയാണ് നാം അതിവേഗത്തിൽ ബഹുദൂരം മുന്നേറി എല്ലാം ശരിയാക്കാൻ ശ്രമിക്കുന്നത്. കേരളം ഇന്ന് കലാലയ രാഷ്ട്രീയത്തിൽ നിറഞ്ഞാടുന്ന അക്രമത്തിന്റെയും അഴിമതിയുടെയും വഞ്ചനയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉള്ളറകളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ രക്ഷിതാക്കളുടെ മനസിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുനൽകുന്ന സ്ഥാപനങ്ങളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെ ഓരോ കുട്ടിയും ഏറെ പ്രതീക്ഷയോടും അതിലേറെ സ്വപ്നങ്ങളോടും കൂടിയാണ് കലാലയത്തിലെത്തുന്നത്. എന്നാൽ പാതിവഴിക്ക് അവരുടെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങുന്നു. ആഗ്രഹിച്ചാൽപ്പോലും കരകയറാനാവാതെ ചതിക്കുഴിയിൽ പെട്ടുപോയ എത്രയോ കുട്ടികളുടെ അതിദയനീയമായ കഥകൾ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകളും രക്ഷാകർത്തൃസമിതികളും അദ്ധ്യാപക സംഘടനകളും ഒരുമിച്ച് ചേർന്ന് അച്ചടക്കത്തോടെ അതത് സ്ഥാപനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. അതിന് നേതൃത്വം കൊടുത്തിരുന്ന എത്രയെത്ര മഹാന്മാർ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരായും ഭരണാധികാരികളായും പിന്നീട് ഉയർന്നു വന്നിട്ടുണ്ട്. അവരെല്ലാം തന്നെ അർപ്പണമനോഭാവത്തോടും ദീർഘവീക്ഷണത്തോടും കൂടി പ്രവർത്തിച്ചതുകൊണ്ടാണ് നമ്മുടെ നാടിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് നിലനിന്നു പോരുന്നത്. ഇന്ന് കലാലയരാഷ്ട്രീയത്തിന്റെ പേരിൽ ന്യൂനപക്ഷം വരുന്നവർ നടത്തുന്ന അരാജകത്വത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ വിദ്യാർത്ഥികളാണ്.
ഓരോ വിദ്യാർത്ഥിയും പഠിക്കുന്നത് അവർക്ക് അഭിരുചിയുള്ള വിഷയങ്ങളാണ്. വക്കീലാവാനും ഡോക്ടറാവാനും ശാസ്ത്രജ്ഞനാവാനും, അദ്ധ്യാപകനാവാനുമുള്ള വിഷയങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്. എന്നാൽ ഒരു നല്ല പൊതുപ്രവർത്തകനായും നല്ല മനുഷ്യസ്നേഹിയായും നല്ല സംഘാടകനായും ഒടുവിൽ പൊതുസമൂഹത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായും അതിലൂടെ കർത്തവ്യബോധമുള്ള ഭരണാധികാരിയായും രൂപപ്പെടുന്നതിനുള്ള വിഷയങ്ങൾ ഒന്നുംതന്നെ സിലബസിലുണ്ടാവില്ല. അത് ലഭിക്കാൻ സിലബസിലില്ലാത്ത ചില കാര്യങ്ങളുണ്ട്. അതിന് താത്പര്യമുള്ള കർമ്മശേഷിയുള്ള വ്യക്തിത്വത്തെ വാർത്തെടുക്കാനുള്ള പ്രായോഗിക സിദ്ധാന്തമായിരുന്നു കലാലയരാഷ്ട്രീയത്തിലൂടെ വിഭാവനം ചെയ്തിരുന്നത്. ഇതിന് വേണ്ടിയുള്ള ഒത്തുചേരലുകളും ചർച്ചകളും സംവാദങ്ങളുമെല്ലാം നന്മയിലേക്കുള്ള വഴിയായിരുന്നു. സംഘബോധമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ ശക്തി വലിയ കണ്ടെത്തലുകൾക്കുള്ള കൂട്ടായ്മയായി മാറിയിട്ടുണ്ട്. സ്വയം നവീകരിക്കാനും ആരോഗ്യകരമായ പഠനസാഹചര്യം സൃഷ്ടിക്കാനും സംഘബോധം വലിയ സഹായമായിരുന്നു. അതിന് വിജയകരമായി നേതൃത്വം കൊടുക്കുന്നവർ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ളവരായി മാറുന്നു. അതായിരുന്നു കലാലയരാഷ്ട്രീയത്തിന്റെ അന്തഃസത്ത.
ഇന്ന് കലാലയരാഷ്ട്രീയം കലാപരാഷ്ട്രീയമായി മാറിയിരിക്കുന്നു. കത്തിക്കുത്തും കൊല്ലാക്കൊലയും കലാലയ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു. അദ്ധ്യാപകരെ അസഭ്യം പറയുന്നതും അപമാനിക്കുന്നതും നേതാവാകാനുള്ള മാനദണ്ഡമായി സ്പോൺസേർഡ് രാഷ്ട്രീയപാർട്ടികൾ വിലയിരുത്തുന്നു. പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്നതും ശവമഞ്ചം ഒരുക്കുന്നതും സംഘാടക മികവിന്റെ മാനദണ്ഡമാകുന്നു. പ്രതികരിക്കാൻ കഴിവില്ലാത്ത സ്വന്തം സഹപാഠിയുടെ നെഞ്ചിൽ ആൾക്കൂട്ട സഹായത്തോടെ കത്തി കുത്തിയിറക്കുന്നവനാണ് ധൈര്യശാലിയായ നേതാവെന്ന് രാഷ്ട്രീയ നേതൃത്വം തെറ്റിദ്ധരിക്കുന്നു. വിദ്യാർത്ഥിനികളുടെ ആഭരണം വാങ്ങി പണയം വെച്ച് പണസമാഹരണം നടത്തുന്നതാണ് രാഷ്ട്രീയത്തിലേക്കുള്ള എൻട്രൻസ് പരീക്ഷയെന്ന് കരുതുന്നവരുടെ കൈകളിലാണ് കലാലയം എന്ന് ധരിക്കുന്നവരും നേതാക്കന്മാരാണ്.
രാഷ്ട്രീയ സ്പോൺസർഷിപ്പിന്റെ പിൻബലത്തിൽ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തി ഹാജർ സ്വന്തമാക്കുന്നവരും ഉത്തരക്കടലാസ് സ്റ്റോക്ക് ചെയ്യുന്നവരും ഒരു സമൂഹത്തെ നയിക്കാൻ പ്രാപ്തരാണന്ന് വിശ്വസിക്കുന്നവരും ഇവിടെയുണ്ട്. ന്യൂനപക്ഷം വരുന്ന രാഷ്ട്രീയ തിമിരം ബാധിച്ച അദ്ധ്യാപക സംഘടനാ നേതാക്കളും ഇതിന് ചിലപ്പോഴെങ്കിലും ഒത്താശ ചെയ്യുന്നു. രാഷ്ട്രീയ നിലനിൽപ്പിനുവേണ്ടി വിദ്യാർത്ഥികളെ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ അവർ കാണിക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും കൂട്ടുനിൽക്കേണ്ടി വരുന്ന ഗതികേടിലാണ് രാഷ്ട്രീയ നേതൃത്വം. ഈ ഗതികേടാണ് കലാലയ രാഷ്ട്രീയത്തെ മലീമസമാക്കുന്നത്.
ഇത്തരുണത്തിൽ മറ്റൊരു വസ്തുത കൂടി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കലാലയ രാഷ്ട്രീയം കലാപരാഷ്ട്രീയമായി മാറുന്നത് പ്രധാനമായും സർക്കാർ കോളേജുകളിലും പിന്നാക്ക വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിലുമാണ്. ഇത് പഠനവിധേയമാക്കണം. മിഷണറിമാർ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും കലാലയ രാഷ്ട്രീയവും രക്ഷാകർത്തൃസമിതിയും അദ്ധ്യാപക സംഘടനകളും ഒക്കെയുണ്ട്. അവിടെയെല്ലാം അച്ചടക്കമുള്ള കൂട്ടായ്മകളായി അത് മാറുകയും പരസ്പരം സഹകരിക്കുന്ന സംസ്കാരമുള്ള സംഘടനാ സംവിധാനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരുടെ ആശ്രയമായ സർക്കാർ കോളേജുകളും പിന്നാക്ക വിഭാഗങ്ങൾ നടത്തുന്ന കോളേജുകളും എന്ത് തോന്ന്യാസവും നടത്താവുന്ന ഇടങ്ങളായി മാറുന്നു. ഇതിനെതിരെ പ്രതികരിക്കാൻ നിവൃത്തിയില്ലാതെ എത്രയോ പാവപ്പെട്ടവർ കോളേജുകൾ വിട്ടുപോയി. എത്രയോ അദ്ധ്യാപകർക്ക് അവർ അപമാനിക്കപ്പെട്ട ദുരനുഭവങ്ങൾ സമീപഭാവിയിൽ പങ്കുവച്ചു. വിദ്യാർത്ഥി സംഘടനകളിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ട് ഒരു പ്രിൻസിപ്പലിന് നീതിന്യായകോടതിയെ സമീപിക്കേണ്ടി വന്നുവെങ്കിൽ സാക്ഷരകേരളത്തിന് അഭിമാനിക്കാൻ വകയുണ്ടോ?
ഈ ദുരവസ്ഥയ്ക്ക് ഇനിയെങ്കിലും പരിഹാരമുണ്ടായേ പറ്റൂ. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും അതിനെയെല്ലാം ഒറ്റപ്പെട്ടത് എന്നു പറഞ്ഞുകൊണ്ട് വാദവും പ്രതിവാദവും നടത്തുന്നവർക്ക് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അന്തിമ ചർച്ചയിലെ ന്യായാധിപന്റെ മുന്നിലല്ല മറിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവിക്കു വേണ്ടിയുള്ള ദീർഘവീക്ഷണത്തോടെയുള്ള നിർദ്ദേശങ്ങളാണ് വയ്ക്കേണ്ടത്. ഉത്തരവാദിത്വപ്പെട്ടവർ അത് കേൾക്കാനും കലാലയരാഷ്ട്രീയത്തിന്റെ അന്തഃസത്ത വീണ്ടെടുക്കാനുമുള്ള ചങ്കൂറ്റമാണ് വേണ്ടത്. ഇത്തരം തീരുമാനമെടുക്കാൻ ഒറ്റ ചങ്ക് മതി. അങ്ങനെയാണ് എല്ലാം ശരിയാക്കേണ്ടത്.