trawling-ban

കോഴിക്കോട്: കേരള തീരത്തെ 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കാനിരിക്കെ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും കടുത്ത ആശങ്കയിലാണ്. ഭീമമായ ലൈസൻസ് ഫീയാണ് മുഖ്യ വിഷയം. മത്സ്യബന്ധന ബോട്ടുകളുടെ ലൈസൻസ് ഫീ അടയ്ക്കാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നാണ്. സർക്കാർ ഓഫീസുകൾക്ക് ഇന്ന്‌ അവധിയുമാണ്. 5,000 രൂപയിൽ നിന്ന് 52,500 രൂപയായാണ് ഫീസ് വർദ്ധിപ്പിച്ചത്. അതിനാൽ ലൈസൻസ് ഫീ അടയ്ക്കാൻ ആരും തയ്യാറായിട്ടില്ല.

ഫീസ് കുറയ്ക്കാമെന്ന് ബോട്ട് ഉടമകളുമായി നടത്തിയ ചർച്ചയിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചിരുന്നെങ്കിലും അതിനുള്ള ഉത്തരവ് ഇറങ്ങിയില്ല. ഡീസൽ വില ലിറ്ററിന് രണ്ട് രൂപ വർദ്ധിച്ചതും കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞതും മറ്റൊരു പ്രതിസന്ധിയാണ്. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി ഭീമമായ തുകയാണ് ബഹുഭൂരിപക്ഷം ബോട്ട് ഉടമകളും ചെലവഴിച്ചത്. ഇതിനുപുറമെ പുതിയ വലയും മറ്റ് ഉപകരണങ്ങളും വാങ്ങണം. എല്ലാം ചേരുമ്പോൾ മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ ചെലവാകും. ഇതിനിടയിലാണ് ലൈസൻസ് ഫീ കുത്തനെ കൂട്ടിയത്.

''കേരളത്തിലെ ബോട്ട് ഉടമകളിൽ നല്ലൊരു ഭാഗവും അതിന്റെ തൊഴിലാളികൾ തന്നെയാണ്. നാലും അഞ്ചും തൊഴിലാളികൾ ചേർന്ന് ഒരു ബോട്ട് വാങ്ങിയാണ്‌ മത്സ്യബന്ധനം നടത്തുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളൊന്നും ഇവിടെ മത്സ്യബന്ധന ബോട്ടിൽ നിക്ഷേപം നടത്തുന്നില്ല. വർദ്ധിപ്പിച്ച ലൈസൻസ് ഫീ അടയ്ക്കില്ല.

-സി.പി. ദേവൻ,

ഫിഷർമാൻ ആൻഡ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്