മംഗളൂരു: ''ഇന്ത്യയിൽ ഒരുപാട് ചെറുപ്പക്കാരുണ്ട്. എം.ബി.എയും എൻജിനിയറിംഗ് ബിരുദവും ഇല്ലാത്തവരുമുണ്ട്. അവർക്ക് ജോലി കൊടുക്കാൻ ഈ പ്രസ്‌ഥാനം വഴി എനിക്ക് കഴിയും"".
വർഷം 1996.
കഫേ കോഫീ ഡേയുടെ ആദ്യ ഔട്ട്‌ലൈറ്റ് ബംഗളൂരുവിലെ തിരക്കേറിയ ബ്രിഗേഡ് റോഡിൽ തുറന്ന വേളയിൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ വി.ജി. സിദ്ധാർത്ഥ പറഞ്ഞ വാക്കുകളാണിത്. കഫേ കോഫീ ഡേ പിന്നീട് ഇന്ത്യയിലാകെ വളർന്നു. നേപ്പാൾ, മലേഷ്യ, ഓസ്‌ട്രിയ, ചെക്ക് റിപ്പബ്ളിക് എന്നിവിടങ്ങളും ബ്രാഞ്ചുകൾ തുറന്നു. കാപ്പിയുടെ രുചിവൈവിദ്ധ്യങ്ങൾ ലോകത്തിന് പകർന്ന ശൃംഖലയിൽ 30,000 ചെറുപ്പക്കാർ ജോലി ചെയ്യുന്നു. പരാജയപ്പെട്ട സംരംഭകൻ എന്ന് അദ്ദേഹം ജീവനക്കാർക്ക് അയയ്ച്ച കത്തിൽ പറഞ്ഞുവെങ്കിലും വിജയത്തിന്റെ രുചിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ചുവടുകൾ.
ചിക്കമഗളൂരു
കർണാടകയിലെ ചിക്കമഗളൂരുവിൽ കാപ്പി എസ്‌റ്രേറ്റ് രംഗത്ത് നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലാണ് സിദ്ധാർത്ഥയുടെ ജനനം. 15,000 ഏക്കർ കാപ്പി എസ്‌റ്രേറ്റ് കുടുംബത്തിനുണ്ട്. മംഗളൂരു സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റിൽ പി.ജി. നേടിയശേഷം, 1983ൽ അദ്ദേഹം ജെ.എം. ഫിനാൻഷ്യൽ കമ്പനിയിൽ മാനേജ്‌മെന്റ് ട്രെയിനായി ചേർന്ന് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു.
1984.
അദ്ദേഹം ശിവൻ സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തെ വാങ്ങി. 2000ൽ കമ്പനിക്ക് വേ2വെൽത്ത് എന്ന പേര് നൽകി. ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിംഗ് ആൻഡ് ബ്രോക്കിംഗ് കമ്പനിയായി അതിനെ വളർത്തി.
1992.
കോഫീ ഡേ ഗ്ളോബൽ കമ്പനിക്ക് 1992ൽ സിദ്ധാർത്ഥ തുടക്കമിട്ടു. കാപ്പി സംഭരണം, സംസ്‌കരണം, റീട്ടെയിൽ വില്‌പന എന്നിവയായിരുന്നു പ്രവർത്തനം. 1996ൽ കഫേ കോഫീ ഡേ ആദ്യശാഖ തുറന്നു. നിലവിൽ, ശാഖകൾ 1,752.
ഓഹരി ലോകത്തേക്ക്
2015 ഒക്‌ടോബറിൽ കഫേ കോഫീ ഡേ എന്റർപ്രൈസസ് പ്രാരംഭ ഓഹരി വില്‌പനയിലൂടെ (ഐ.പി.ഒ) ഓഹരി വിപണിയിലെത്തി. 1,150 കോടി രൂപയാണ് സമാഹരിച്ചത്. മൂന്നുവർഷത്തിനിടെയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു അത്. ഓഹരി വില നിർണയിച്ചത് 328 രൂപയായിരുന്നു.
2006.
കോഫീ ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ട് ബിസിനസിനും തുടക്കമിട്ടു. 'ദി സേറായ്" ബ്രാൻഡിൽ ബംഗളൂരുവിൽ റിസോർട്ട് തുറന്നു.
വഴിതിരിച്ച
മൈൻഡ് ട്രീ.
കാപ്പിയായിരുന്നു പ്രവർത്തന മണ്ഡലമെങ്കിലും ഐ.ടിയോട് മങ്ങാത്ത ആഭിമുഖ്യം സിദ്ധാർത്ഥയ്ക്കുണ്ടായിരുന്നു. 1999ൽ പ്രമുഖ ഐ.ടി വിദഗ്ദ്ധനായ ആശോക് സൂട്ടയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം അദ്ദേഹം മൈൻഡ് ട്രീ ഐ.ടി കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ്, പിന്നീട് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.
റെയ്ഡും
ഹവാലയും
മൈൻഡ് ട്രീയിൽ ഉണ്ടായിരുന്ന 20.43 ശതമാനം ഓഹരികൾ അടുത്തിടെ സിദ്ധാർത്ഥ എൽ ആൻഡ് ടിക്ക് 3,300 കോടി രൂപയ്‌ക്ക് വിറ്റു. ഈ വില്‌പന പക്ഷേ, അദ്ദേഹത്തിന്റെ അടുപ്പക്കാർ പോലും അറിഞ്ഞിരുന്നില്ല. ഇടപാട് പ്രകാരം, മിനിമം ഓൾട്ടർനേറ്റ് നികുതിയായി (മാറ്റ്) 300 കോടി നികുതി അടയ്‌ക്കേണ്ടതായിരുന്നു. അദ്ദേഹം 46 കോടി രൂപ മാത്രമാണ് അടച്ചത്.
ക്രമക്കേട് ആരോപിച്ച് കഫേ കോഫീ ഡേയുടെ 20 കേന്ദ്രങ്ങൾ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. കണക്കിൽപ്പെടാത്ത പണങ്ങൾ കണ്ടെത്തി. കർണാടക രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിലും അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.
ഓഹരി വീഴ്‌ച
സിദ്ധാർത്ഥയുടെ തിരോധാനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്നലെ കഫേ കോഫീ ഡേയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞ് 154.05 കോടി രൂപയിലെത്തി. 2019ൽ ഇതുവരെ 30 ശതമാനവും 2018ൽ 26 ശതമാനവും നഷ്‌ടം ഓഹരി വിലയിലുണ്ടായി. ഉപസ്ഥാപനമായ സിക്കൽ ലോജിസ്‌റ്റിക്‌സിന്റെ ഓഹരികളും ഇന്നലെ 20 ശതമാനം ഇടിഞ്ഞു; മൂല്യം 72.8 രൂപയായി.
₹800 കോടി
ഇന്നലെ മാത്രം കഫേ കോഫീ ഡേയുടെ ഓഹരി മൂല്യത്തിൽ 800 കോടി രൂപ കുറഞ്ഞു.
₹2,250 കോടി
കഫേ കോഫീ ഡേ 2017-18ൽ 1,777 കോടി രൂപയും 2018-19ൽ 1,814 കോടി രൂപയും വിറ്റുവരവ് നേടിയിരുന്നു. നടപ്പുവർഷം ഇത് 2,250 കോടി രൂപയാകുമെന്ന് സിദ്ധാർത്ഥ പറഞ്ഞിരുന്നു.
₹10,000 കോടി
ബിസിനസ് വിപുലീകരിക്കാനായി കഫേ കോഫീ ഡേയുടെ നിശ്‌ചിത ഓഹരികൾ നൽകി കൊക്ക-കോള, ഐ.ടി.സി എന്നിവയുമായി സഹകരിക്കാൻ സിദ്ധാർത്ഥ ശ്രമിച്ചിരുന്നു. കമ്പനിക്ക് 10,000 കോടി രൂപ മൂല്യം നിശ്ചയിച്ചായിരുന്നു ചർച്ചകൾ. പക്ഷേ,, ചർച്ചകൾ പൂർത്തിയാകും മുമ്പേ അദ്ദേഹം മറഞ്ഞു.