ന്യൂഡൽഹി: രാജ്യസഭാ എം.പി സഞ്ജയ് സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജ്യസഭാ അദ്ധ്യക്ഷൻ എം. വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. സഞ്ജയ് സിംഗിനൊപ്പം ഭാര്യ അമീഠ സിംഗും കോൺഗ്രസിൽനിന്ന് രാജിവച്ചു. യു.പി മുൻ എം.എൽ.എയാണ് അമീഠ. ഇരുവരും ഇന്ന് ബി.ജെ.പിയിൽ ചേരും. പ്രൊഫഷണൽ കോൺഗ്രസിന്റെ യു.പിയിലെ നേതാവും രണ്ട് തവണ അമേതിയിൽ നിന്ന് എം.എൽ.എയും ആയിരുന്നു അമീഠ. 2002ൽ ബി.ജെ.പി ടിക്കറ്റിലും 2007ൽ കോൺഗ്രസ് ടിക്കറ്റിലുമാണ് അമീഠ, അമേതിയിൽ നിന്നു ജയിച്ചത്. വ്യക്തതയും ആശയവിനിമയവും ഇല്ലാത്ത ഒരു പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന് രാജിക്കുശേഷം സഞ്ജയ് സിംഗ് മാദ്ധ്യമങ്ങളെ അറിയിച്ചു.
അമേതിയിലെ രാജകുടുംബത്തിൽ പെട്ട സഞ്ജയ് സിംഗ് അസാമിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. അടുത്ത വർഷം വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്ന സഞ്ജയ് സിംഗ്, 84ലാണ് കോൺഗ്രസിൽ ചേർന്നത്. പിന്നീട് 88ൽ വി.പി സിംഗിനൊപ്പം പാർട്ടി വിട്ടു. പിന്നീട് ബി.ജെ.പിയിൽ ചേർന്നു. 2003ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. 98ൽ ബി.ജെ.പി ടിക്കറ്റിൽ അമേതിയിൽ നിന്നു ജയിച്ചിട്ടുണ്ട്. 1989ൽ രാജീവ് ഗാന്ധിയോടും 1999ൽ സോണിയാ ഗാന്ധിയോടും തോറ്റു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂരിൽ നിന്ന് മത്സരിച്ച് ബി.ജെ.പിയുടെ മേനകാ ഗാന്ധിയോട് തോറ്റിരുന്നു.
''കോൺഗ്രസിന് ഭാവിയെക്കുറിച്ച് ധാരണയില്ല. ഇപ്പോൾ രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പമാണെങ്കിൽ ഞാനും അദ്ദേഹത്തോടൊപ്പമാണ്. നേതാവു പോലുമില്ലാത്ത കോൺഗ്രസിൽ ഒന്നും നടക്കുന്നില്ല. ഞാൻ പാർട്ടി വിട്ടതു കൊണ്ട് കോൺഗ്രസിന് ഒന്നുമുണ്ടാകാൻ പോകുന്നില്ല. മോദിയുടെ വികസനനയങ്ങളിൽ ആകൃഷ്ടനായാണു ബി.ജെ.പിയിലേക്കു പോകുന്നത്"- സഞ്ജയ് സിംഗ് അറിയിച്ചു.
''ഞങ്ങളുടെ തീരുമാനം പെട്ടെന്നുണ്ടായതല്ല. ചർച്ചയ്ക്ക് ഇടമില്ലാത്ത ഒരു പാർട്ടി ഒരിക്കലും വളരില്ല. മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. "- അമീഠ സിംഗ്