ബെംഗളുരു : സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ നിറുത്തലാക്കാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചു, വർഗീയത വളർത്തുമെന്നതിനാലാണ് ടിപ്പുജയന്തി ആഘോഷെ ഉപേക്ഷിക്കാൻ തീരുമാനിച്ചതതെന്ന് സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. ഉടൻ പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ടിപ്പു ജയന്തി ആഘോഷങ്ങ( നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യ തിങ്കളാഴ്ച മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കത്തു നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.
2015 ൽ സിദ്ധരാമയ്യ സർക്കാരാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരും തുടരുകയായിരുന്നു. ടിപ്പു സുൽത്താൻ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നാപ്പോൾ ബി.ജെ.പി ഇതിനെ എതിർത്തിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളിയാണ് ടിപ്പു സുൽത്താനെന്നും അതുകൊണ്ടാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടതെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മൈസൂർ സുൽത്താൻ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബർ 10നാണ് ആഘോഷിക്കുന്നത്.