തൃശൂർ: സുബ്രതോ കപ്പ് സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ ചേലേമ്പ്ര എൻ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളും അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളും ചാമ്പ്യന്മാരായി. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളാണ് അണ്ടർ 17 വിഭാഗം റണ്ണേഴ്‌സ് അപ്. അണ്ടർ 14 വിഭാഗത്തിൽ തൃശൂരിലെ തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.
കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബാളർ ഐ.എം. വിജയൻ സമ്മാനദാനം നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, സെക്രട്ടറി സുരേഷ് കെ.ആർ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ജില്ലാ കോ- ഓർഡിനേറ്റർ മിഥുൻ എ.എസ് എന്നിവർ പങ്കെടുത്തു. ശ്രീ കേരളവർമ കോളേജ്, കോർപറേഷൻ സ്റ്റേഡിയം, ഗവ. എൻജിനിയറിംഗ് കോളേജ് എന്നിങ്ങനെ മൂന്ന് വേദികളിലായി നടന്ന മത്സരത്തിൽ 1600ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു, ആഗസ്റ്റ് 19, 20 ദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ദേശീയ മത്സരത്തിൽ ചാമ്പ്യൻമാരായ ടീമുകൾ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.