ന്യൂഡൽഹി∙ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരിന് വൻരാഷ്ട്രീയ വിജയം നൽകി മുത്തലാഖ് ബിൽ രാജ്യസഭയും പാസാക്കി. മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. 99 പേർ ബില്ലിനെ അനുകൂലിച്ചു. എതിർത്തത് 84 പ്രതിനിധികൾ. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണു നിയമം. ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികൾ വിട്ടുനിന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
മഹാത്മാ ഗാന്ധി, റാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായൺ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങൾ പിന്തുടരുന്നതെന്നും ബില്ലിനെ എതിർക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുൻപ് ജെ.ഡി.യു അംഗം ബസിഷ്ട നരെയ്ൻ സിങ് പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഈ നിയമം ആയുധമാക്കുന്നതിനാണ് ബിൽ കൊണ്ടുവരുന്നതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെൺമക്കൾ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമാണ്. ഇന്ത്യ മതേതരമാണെങ്കിൽ എന്തുകൊണ്ടു നമുക്ക് മുത്തലാഖ് നിരോധിക്കാൻ സാധിക്കുന്നില്ല. 20ൽ അധികം രാജ്യങ്ങൾ ഇതു നിയന്ത്രിച്ചിട്ടുണ്ട്. 2017ൽ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയിൽപെട്ടതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം ബില്ലിൽ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു പ്രതിപക്ഷം തിരിച്ചടിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സർക്കാർ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു. ബിൽ ഇസ്‍ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബിൽ ബിൽ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബിൽ സെലക്ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം ബില്ലിനെ രാഷ്്ട്രീയപരമായോ, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയോ അല്ല വിലയിരുത്തേണ്ടതെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു. മോദി സർക്കാർ വന്നശേഷം 2,300 സ്ത്രീകളാണ് ഹജിനു പോയതെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി രാജ്യസഭയിൽ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് കോൺഗ്രസിന്റെ നീക്കം. മൗലികവാദികളുടെ കൂടെയാണ് കോൺഗ്രസ് നിൽക്കുന്നതെന്നും നഖ്‍വി പറഞ്ഞു. ബിൽ ചർച്ച ചെയ്യുന്നതിന് ഉപരാഷ്ട്രപതി നാല് മണിക്കൂറാണു സമയം അനുവദിച്ചത്.