maradu-flat

കൊച്ചി: തീരദേശ പരിപാലന നിയമത്തെ എതിർത്തുകൊണ്ട് നിർമ്മിച്ച കൊച്ചി മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റരുതെന്ന് ആവശ്യപ്പെട്ട് ധർണ നടത്തി സിനിമാ പ്രവർത്തകരായ സൗബിൻ ഷാഹിറും മേജർ രവിയും. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റണമെന്ന സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്ലാറ്റ് ഉടമകളുടെ നേതൃത്വത്തിൽ സൗബിൻ ഷാഹിർ, മേജർ രവി, ഡോ. സെബാസ്റ്റ്യൻ പോൾ, എന്നിവർ മരട് നഗരസഭാ ഓഫീസിനുമുന്നിൽ ധർണ നടത്തിയത്.

മെയ് എട്ടിനാണ് ഫ്ലാറ്റ് നിർമാണത്തിൽ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഹോളിഡേ ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ്,കായലോരം,ഹോളി ഫെയ്ത്ത്, ആൽഫ വെഞ്ചുവേഴ്സ് എന്നീ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശിച്ചത്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റ് വിഷയത്തിലെ സുപ്രീം കോടതി ഉത്തരവെന്നാണ് ഫ്ലാറ്റ് ഉടമകൾ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്ന കാര്യത്തിൽ മരട് മുൻസിപ്പാലിറ്റിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് സംസ്ഥാന സർക്കാരിന്റെ പക്ഷം. തങ്ങളുടെ ബുദ്ധിമുട്ടുകൾ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ അറിയിക്കേണ്ടതാണെന്ന് മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി എ.സി മൊയ്തീനും അറിയിച്ചിരുന്നു.